ചെന്നൈ: തമിഴ്‌നാട്ടിലെ തിരുനല്‍വേലിയില്‍ പൂച്ചയെ കൊന്ന് കെട്ടിതൂക്കി ടിക് ടോക് വീഡിയോ ചിത്രീകരിച്ച 18കാരൻ അറസ്റ്റില്‍. ബുധനാഴ്‌ചയാണ് തങ്കരാജ് എന്നയാളെ തിരുനെൽവേലി പൊലീസ് അറസ്റ്റ് ചെയ്‌തത്. മെയ് 16നാണ് ഇയാൾ ടിക് ടോക്കില്‍ വീഡിയോ അപ്‌ലോഡ് ചെയ്‌തത്.
വീടിന്‍റെ സീലിങ്ങില്‍ കെട്ടിയിരിക്കുന്ന കയറിൽ ഒരു പൂച്ചയുടെ മൃതദേഹം തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു വീഡിയോ. ഈ മൃതദേഹത്തിൽ പിടിച്ച് അത് ആട്ടിവിടുന്ന ഒരാളെയും വീഡിയോയിൽ കാണാമായിരുന്നു. 'ഫ്രണ്ട്സ്' എന്ന തമിഴ് സിനിമയിലെ വടിവേലു അഭിനയിച്ച ഒരു തമാശ രംഗവും വീഡിയോയുടെ പശ്ചാത്തല ശബ്‌ദമായി നല്‍കിയിരുന്നു. ഈ വീഡിയോക്കെതിരെ കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.
തങ്കരാജിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകൾ രംഗത്തെത്തി. ഒരു ആക്‌ടിവിസ്റ്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് തങ്കരാജിനെ അറസ്റ്റ് ചെയ്‌തത്. ടിക് ടോക്കിൽ കൂടുതൽ ലൈക്ക് നേടാനാണ് ഇയാൾ പൂച്ചയെ കൊന്ന് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമം 429 അനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
തമിഴ്‌നാട്ടില്‍ ഇതിന് മുമ്പും ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനായി മൃഗങ്ങളോട് ക്രൂതര കാട്ടിയ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.