ശ്രീനഗർ: ജമ്മുകശ്‌മീരിൽ ഇന്ന് 17പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 92ആയി ഉയർന്നു. ഇന്ന് റിപ്പോർട്ട് ചെയ്‌ത 17 കേസുകളിൽ 14 എണ്ണവും കശ്‌മീരിൽ നിന്നാണ്. കൂടാതെ നാർസൂ, ഉദംപൂർ എന്നിവിടങ്ങളിലും ഇന്ന് കൊവിഡ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ ഉദംപൂർ സ്വദേശിയുമായുള്ള സമ്പർക്കത്തിൽ നിന്നാണ് ഇവർക്ക് രോഗം ബാധിച്ചിരിക്കുന്നത്. അതേ സമയം, ചികിത്സയിൽ തുടരുന്ന ഏഴ് രോഗികളുടെ രക്തസാമ്പിളുകൾ നെഗറ്റീവായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അടുത്ത ഫലവും കൂടി വന്നതിന് ശേഷമേ ഇവരുടെ രോഗം ഭേദമായതായെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ.
സംസ്ഥാനത്ത് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത് 28,000 ആളുകളാണ്. 13,997 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചതിൽ 1,250 എണ്ണം നെഗറ്റീവ് എന്ന് കണ്ടെത്തി. 55 പേരുടെ പരിശോധനാ ഫലം ഇനിയും വരേണ്ടതുണ്ട്. പുൽവാമ, ശ്രീനഗർ, ജമ്മു, ഉദംപൂർ തുടങ്ങിയ സ്ഥലങ്ങൾ കൊവിഡ് രോഗബാധിതപ്രദേശങ്ങളായും കണ്ടെത്തിയിട്ടുണ്ട്.