പനാജി: കൊവിഡ് 19 പരിശോധനക്കയച്ച പതിനഞ്ച് പേരുടെ ഫലം നെഗറ്റീവ് ആയതായി ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ഏഴ് പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം ഏപ്രിൽ 11 മുതൽ 13 വരെ വിപുലമായ ആരോഗ്യ സർവേ നടത്തുമെന്ന് ഗോവ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അധ്യാപകരും അങ്കണവാടി തൊഴിലാളികളുമടക്കം 8,000 സർക്കാർ ഉദ്യോഗസ്ഥരാണ് വീടുകൾ തോറും ബൂത്ത് തിരിച്ച് സർവേ നടത്തുക. ഇതിലൂടെ കൊവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവരേയും നിലവിലെ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരേയും കണ്ടെത്താനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.