ദിസ്പൂര്‍: അസമിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. സംസ്ഥാനത്തെ 25 ജില്ലകളിലുണ്ടായ വെള്ളപ്പൊക്കം 15 ലക്ഷത്തോളം പേരെയാണ് ബാധിച്ചിരിക്കുന്നത്. 27,000 ഹെക്‌ടറിലധികം കൃഷിസ്ഥലങ്ങളിൽ കനത്തനാശമുണ്ടായി. സംസ്ഥാനത്ത് കേന്ദ്ര ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
ഗുവാഹട്ടിയിലൂടെ ഒഴുകുന്ന ബ്രഹ്മപുത്ര നദിയും മറ്റ് അഞ്ച് നദികളും അപകട രേഖയും കടന്ന് കവിഞ്ഞൊഴുകുകയാണ്. ഇതിനോടകം 68 ദുരിതാശ്വാസ ക്യാമ്പുകളിലായി 20000ത്തോളം പേരെ മാറ്റിപാർപ്പിച്ചു. നോർത്ത് ബംഗാളിനേയും സിക്കിമിനേയും ബന്ധിപ്പിക്കുന്ന റോഡുകളിൽ ഗതാഗതം നിലച്ചിരിക്കുകയാണ്. തീവണ്ടി ഗതാഗതം ഭാഗികമായി തടസപ്പെട്ടു.