പട്‌ന: ബിഹാറിൽ 13 പേർക്ക് കൂടി കൊവിഡ് 19 റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 126 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. പുതിയ കൊവിഡ് രോഗികളിൽ ഏഴ് പേർ മുൻഗെർ ജില്ലയിൽ നിന്നുള്ളവരാണ്. നാല് പേർ ബക്‌സര്‍ ജില്ലയിൽ നിന്നും പട്‌ന, റോഹ്‌താസ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണുള്ളത്. റോഹ്‌താസില്‍ കൊവിഡ് ബാധിച്ച രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കുമാർ പറഞ്ഞു.
മാർച്ച് 22നാണ് ബിഹാറിൽ ആദ്യമായി കൊവിഡ് 19 റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ 38 ജില്ലകളിൽ 15 ജില്ലകളിലാണ് ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 126 രോഗികളിൽ 42 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. രണ്ട് പേർ മരിച്ചു. 11999 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.