ഭുവനേശ്വര്‍: ഒഡിഷയില്‍ 1,203 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്‌ച 10 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 30,000 കടന്നു. 24 മണിക്കൂറിനിടെ 807 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 19,746 പേരാണ് സംസ്ഥാനത്ത് രോഗമുക്തരായത്. സംസ്ഥാനത്ത് നിലവില്‍ അഞ്ച് ലക്ഷത്തോളം കൊവിഡ് പരിശോധന നടത്തിയതായി എന്‍എച്ച്എം ഡയറക്ടര്‍ ശാലിനി പണ്ഡിറ്റ് അറിയിച്ചു. സംസ്ഥാനത്താകെ 54 ലാബുകളാണ് പരിശോധനക്കായി ക്രമീകരിച്ചിരിക്കുന്നത്. പ്രതിദിനം 20,000 പരിശോധനകള്‍ സംസ്ഥാനത്ത് നടത്താനാകുമെന്നും ശാലിനി പണ്ഡിറ്റ് വ്യക്തമാക്കി.
കൊവിഡ് വെല്ലുവിളി നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും ഡയറക്ടര്‍ പറഞ്ഞു. 28 പേര്‍ പ്ലാസ്‌മ ദാനം ചെയ്‌തിട്ടുണ്ട്. 33 പേര്‍ പ്ലാസ്‌മ തെറാപ്പിക്ക് വിധേയരായതായും ആരോഗ്യ വിഭാഗം അറിയിച്ചു. വെള്ളിയാഴ്‌ച ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് സംസ്ഥാനത്തിന്‍റെ മൂന്നാമത്തെ പ്ലാസ്‌മ ബാങ്ക് ഉദ്‌ഘാടനം ചെയ്യും. ബെര്‍ലയിലും ബെര്‍ഹംപൂരിലും പ്ലാസ്‌മ ബാങ്കുകള്‍ ആരംഭിക്കാനും തീരുമാനമായി. രോഗം സ്ഥിരീകരിച്ചവരില്‍ 54 ശതമാനം ആളുകള്‍ക്കും രോഗലക്ഷണമുണ്ടായിരുന്നില്ല. സംസ്ഥാനത്ത് കൊവിഡ് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്‌ത ഗഞ്ചാം, ഭുവനേശ്വര്‍, ഖൂര്‍ധ എന്നിവിടങ്ങള്‍ 1000 കിടക്കകള്‍ അധികം അനുവദിച്ചതായും ആരോഗ്യ വിഭാഗം പറഞ്ഞു.