ന്യൂഡൽഹി: ഡൽഹി പശ്ചിം വിഹാർ പ്രദേശത്ത് 12 വയസുകാരിയെ അജ്ഞാതൻ ലൈംഗികമായി പീഡിപ്പിക്കുകയും മുഖത്തും തലയിലും മൂർച്ചയേറിയ വസ്തു കൊണ്ട് അടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ചയാണ് സംഭവം. രക്തത്തിൽ കുളിച്ച് കിടന്നിരുന്ന പെൺകുട്ടിയെ അയൽക്കാരാണ് കണ്ടത്. തുടർന്ന് ഇവർ പൊലീസിനെയും മാതാപിതാക്കളെയും വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയെ ആദ്യം സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പിന്നീട് കുട്ടിയെ എയിംസിലേക്ക് മാറ്റി. മൂർച്ചയേറിയ വസ്തുവിനാലാണ് പെൺകുട്ടിയുടെ ശരീരത്തിൽ പരിക്കേറ്റതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ അയൽവാസികളെ ചോദ്യം ചെയ്യുകയും സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.
സംഭവ സമയത്ത് പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് തലയിലും മുഖത്തും രണ്ട് തവണ അടിച്ചതായി പൊലീസ് പറഞ്ഞു. പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
സെക്ഷൻ 307 (കൊലപാതകശ്രമം), പോക്‌സോ ആക്ട് എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ എ. കോവൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി കമ്മിഷൻ ഫോർ വുമൺ (ഡിസിഡബ്ല്യു) പൊലീസിന് നോട്ടീസ് അയച്ചു. ഓഗസ്റ്റ് 8നകം അന്വേഷണ നടപടികൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും ഡിസിഡബ്ല്യു ആവശ്യപ്പെട്ടു.