ഇംഫാൽ/ഗുവാഹത്തി: മ്യാൻമർ സര്‍ക്കാര്‍ ഇന്ത്യക്ക് കൈമാറിയ 22 കലാപകാരികളില്‍ 12 പേരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. മണിപ്പൂരിലെത്തിച്ച 12 പേരുടെയും പരിശോധനാഫലം നെഗറ്റീവാണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെ അഡിഷണൽ ഡയറക്‌ടർ ഖോയിറോം ശശീകുമാർ മംഗാങ് അറിയിച്ചു. അതേസമയം ഗുവാഹത്തിയിൽ എത്തിച്ച ബാക്കി 10 പേരെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും അസം പൊലീസ് അറിയിച്ചു.
മണിപ്പൂരിലേയും അസമിലെയും സായുധ കലാപ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യ അന്വേഷിക്കുന്നവരെയാണ് വെള്ളിയാഴ്‌ച മ്യാൻമര്‍ ഇന്ത്യക്ക് കൈമാറിയത്. 22 പേരേയും വിമാനത്തിലെത്തിച്ച് ഇരുസംസ്ഥാനങ്ങളിലേയും പൊലീസിന് കൈമാറുകയായിരുന്നു. ഇവരില്‍ 12 പേരും മണിപ്പൂരിലെ നാല് വിമത ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടവരാണ്. ബാക്കി 10 പേർ എൻഡിഎഫ്‌ബി (എസ്), അസാമിലെ കംതാപൂർ ലിബറേഷൻ ഓർഗനൈസേഷൻ (കെഎൽഒ) എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ് (എന്‍ഡിഎഫ്ബി) ആഭ്യന്തര സെക്രട്ടറിയെന്ന് അറിയപ്പെടുന്ന രജെന്‍ ഡെയ്‌റി എന്നയാളുൾപ്പെടെ ഇന്ത്യയിലെത്തിച്ച കലാപകാരികളുടെ കൂട്ടത്തില്‍പെടുന്നു.