ന്യൂഡല്‍ഹി: എയിംസിലെ 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തവരില്‍ രണ്ട് ഡോക്‌ടര്‍മാരും ഉള്‍പ്പെടുന്നു. ഇതോടെ ആശുപത്രി ജീവനക്കാരില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 206 ആയി. ഇതില്‍ 10 ഡോക്‌ടര്‍മാരും രണ്ട് ഫാക്കല്‍റ്റിമാരും 26 നഴ്‌സുമാരും ഒമ്പത് സാങ്കേതിക വിദഗ്‌ധരും അഞ്ച് കാന്‍റീന്‍ ജീവനക്കാരും 49 അറ്റന്‍റര്‍മാരും 69 സെക്യൂരിറ്റി ജീവനക്കാരും ഉള്‍പ്പെടുന്നതായി ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അധികൃതര്‍ അറിയിച്ചു. ഇതില്‍ രോഗവിമുക്തി നേടിയ 150 പേര്‍ വീണ്ടും എയിംസില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഡികെ ശര്‍മ വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി 64 എയിംസ് ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുമെന്നും അധികൃതര്‍ പറഞ്ഞു. ഞായാറാഴ്‌ച കൊവിഡ് ബാധിച്ച് എയിംസിലെ സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍ മരിച്ചിരുന്നു. കഴിഞ്ഞ ആഴ്‌ച സമാനമായി ഒരു കാന്‍റീന്‍ ജീവനക്കാരനും കൊവിഡ് മൂലം മരിച്ചിരുന്നു.