പല്‍ഗാര്‍: മഹാരാഷ്ട്രയിലെ താനെയില്‍ നിന്നും രാജസ്ഥാനിലേക്ക് ഒളിച്ചു കടക്കാന്‍ ശ്രമിച്ച തൊഴിലാളികളെ പൊലീസ് തടഞ്ഞു. സ്‌ത്രീകളടക്കം പത്ത് പേരെയാണ് മഹാരാഷ്ട്ര-ഗുജറാത്ത് അതിര്‍ത്തി പ്രദേശമായ പല്‍ഗാറില്‍ നിന്ന് പൊലീസ് പിടികൂടിയത്. ടാങ്കറിലാണ് ഇവര്‍ ഒളിച്ച് കടക്കാന്‍ ശ്രമിച്ചത്. തലാസരി ചെക്ക് പോസ്റ്റിലെത്തിയ വാഹനം പരിശോധിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ ടാങ്കറിനുള്ളില്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പൊതു ഗതാഗതം നിര്‍ത്തിയതോടെ മറ്റ് മാര്‍ഗമില്ലാതെയാണ് ഒളിച്ചുകടക്കാന്‍ ശ്രമിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 188 പ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു. വെള്ളിയാഴ്‌ച ഇത്തരത്തില്‍ ഉത്തര്‍പ്രദേശിലേക്ക് ഒളിച്ച് കടക്കാന്‍ ശ്രമിച്ച 40 തൊഴിലാളികള്‍ക്കെതിരെ കേസെടുത്തിരുന്നു.