ചെന്നൈ: കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നടന്ന ജെല്ലിക്കെട്ടിൽ ഒരാൾ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കാളയുടെ ഉടമയാണ് കൊല്ലപ്പെട്ടത്. കോയമ്പത്തൂർ ചെട്ടിപ്പാളയത്ത് തമിഴ്‌നാട് സർക്കാരും ജെല്ലിക്കെട്ട് പിറവയ് എന്ന സംഘടനയും ചേർന്നാണ് മത്സരം സംഘടിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവന്ന ആയിരത്തിലധികം കാളകൾ പരിപാടിയിൽ പങ്കെടുത്തു. വലിയ സുരക്ഷാ സംവിധാനങ്ങളാണ് ജെല്ലിക്കെട്ടിനായി ഒരുക്കിയിരുന്നത്.
2014ൽ ഇന്ത്യൻ മൃഗസംരക്ഷണ ബോർഡും പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്‍റ് എന്ന സംഘടനയും ചേർന്ന് ജെല്ലിക്കെട്ടിനെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൻമേൽ ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള വിധി വന്നിരുന്നു. തുടർന്ന് തമിഴ്‌നാട്ടില്‍ വ്യാപകമായി വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും 2017ൽ നിരോധനം നീക്കിക്കൊണ്ടുള്ള നിയമ ഭേദഗതി കൊണ്ടുവരുകയും ചെയ്തിരുന്നു.