കർണാടകയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. 15 പേർക്ക് പരിക്ക്. 40 ഓളം പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. കർണാടകയിലെ ധർവാഡയിലെ കുമാരേശ്വർ നഗറിലാണ് ഇന്ന് ഉച്ചയോടെ അപകടം നടന്നത്.
ജില്ലയിലെ ആശുപത്രികളിലുളള 20 ആംബുലൻസുകളും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ഗിരിധർ കോകിനാട് പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി മൂന്ന് മണ്ണുമാന്തി യന്ത്രങ്ങളും സ്ഥത്തുണ്ട്. 15 പേരെ ഇതിനോടകം രക്ഷപ്പെടുത്തി.
കഴിഞ്ഞ രണ്ട് വർഷമായി കെട്ടിടത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇപ്പോൾ മൂന്നാം നിലയിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയായിരുന്നു. രണ്ട് നിലകളിലായി ഏകദേശം 60 ഓളം വ്യാപാര സ്ഥാപനങ്ങള്‍ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. അതിനാൽ തന്നെ 150 ഓളം പേര്‍ കടകളിലുണ്ടായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു. വിദഗ്ധ സംഘത്തെ പ്രത്യേക വിമാനത്തിൽ സംഭവസ്ഥലത്തേക്ക് അയക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.