കന്യാകുമാരി( തമിഴ്‌നാട്) : ഭാരത് ജോഡോ യാത്ര പുരോഗമിക്കെ രാത്രികാലങ്ങളില്‍ രാഹുൽ ഗാന്ധിയും പദയാത്രികരും കഴിയുന്നത് പ്രത്യേകം ഒരുക്കിയ കണ്ടെയ്‌നറുകളില്‍. യാത്രയുടെ ഭാഗമായ 230 ഓളം അംഗങ്ങൾക്കായി 60 കണ്ടെയ്‌നറുകളാണ് ഒരുക്കിയിരിക്കുന്നത്.
കണ്ടെയ്‌നറുകളിൽ ശൗചാലയം,കിടക്ക, എയർ കണ്ടീഷൻ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ കാലാവസ്ഥ പലതായതിനാൽ അതിനുചേരുന്ന സൗകര്യങ്ങൾ കണ്ടെയ്‌നറുകളിലുണ്ട്. കേന്ദ്ര നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര ഇന്നലെയാണ് (8-9-2022) കന്യാകുമാരിയില്‍ നിന്ന് പര്യടനം ആരംഭിച്ചത്.
വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് രാഹുലിന്‍റെ യാത്ര. 3,500 കിലോമീറ്റർ ദൂരം 150 ദിവസംകൊണ്ട് പിന്നിടാനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയെ വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കന്യാകുമാരിയിലെ ഗാന്ധി സ്‌മൃതി മണ്ഡപത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യാത്ര ആരംഭിച്ചത്.
കന്യാകുമാരി മുതല്‍ കശ്‌മീര്‍ വരെ 12 സംസ്ഥാനങ്ങളിലൂടെയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയുമാണ് ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്. രാവിലെ ഏഴ് മുതൽ പത്ത് വരെയും വൈകിട്ട് നാല് മുതൽ ഏഴര വരെയുമാണ് രാഹുൽ പദയാത്ര നടത്തുക. 118 സ്ഥിരാംഗങ്ങൾക്ക് പുറമെ ഓരോ സംസ്ഥാനങ്ങളിലേയും നൂറ് മുതൽ 125 അംഗങ്ങൾ യാത്രയിൽ പങ്കെടുക്കും. കൂടാതെ യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിലെ 100 പ്രതിനിധികളും പ്രയാണത്തിന്‍റെ ഭാഗമാകും.