ഇംഫാല്‍ (മണിപ്പൂര്‍) : ലോക്‌സഭ തെരഞ്ഞെടുപ്പ് (Lok Sabha Election 2024) മുന്നില്‍ നില്‍ക്കെ രാഹുല്‍ ഗാന്ധി (Rahul Gandhi) നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് നാളെ (ജനുവരി 14) തുടക്കമാകും. അക്രമ ബാധിത മണിപ്പൂരില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത് (Bharat Jodo Nyay Yatra by Rahul Gandhi). ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൊഴിലില്ലായ്‌മ, വിലക്കയറ്റം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിയുടെ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നേതാവ് ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്നത്.
15 സംസ്ഥാനങ്ങളിലെ 100 ലോക്‌സഭ മണ്ഡലങ്ങളിലൂടെ ന്യായ് യാത്ര പര്യടനം നടത്തും. ഭാരത് ജോഡോ യാത്രയ്‌ക്ക് (Bharat Jodo Yatra) സമാനമായ രീതിയില്‍ ചലനം സൃഷ്‌ടിക്കാന്‍ ന്യായ് യാത്രയ്‌ക്കും കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കാത്തതിനാലാണ് ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്നതെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്വങ്ങള്‍ പുനഃസ്ഥാപിക്കുകയാണ് ന്യായ് യാത്രയുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.
ന്യായ് യാത്ര ലോക്‌സഭ തെരഞ്ഞെടുപ്പ് ഉപാധിയല്ലെന്ന് കോണ്‍ഗ്രസ് ഊന്നിപ്പറയുമ്പോഴും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഏറ്റ കടുത്ത തിരിച്ചടിക്ക് പിന്നാലെ മുഖം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് ഇത്തരമൊരു പര്യടനവുമായി രാഹുല്‍ ഗാന്ധി രംഗത്ത് വരുന്നത് എന്നത് ശ്രദ്ധേയമാണ്. ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങില്‍ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അടിസ്ഥാന വിഷയങ്ങളിലേക്ക് ഇറങ്ങി ചെല്ലാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. വിശ്വാസം പോലുള്ള വൈകാരിക വിഷയങ്ങളില്‍ രാഷ്‌ട്രീയം കലര്‍ത്തി ദുരുപയോഗം ചെയ്യുകയാണെന്നും യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ച് രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഇന്നലെ (ജനുവരി 12) രാഹുല്‍ ഗാന്ധി പ്രതികരിക്കുകയുണ്ടായി.
'ഇന്ത്യയെ കുറിച്ചുള്ള നമ്മുടെ സ്വപ്‌നങ്ങള്‍ എന്തായിരിക്കണമെന്ന് യുവാക്കള്‍ ചിന്തിക്കണം. മെച്ചപ്പെട്ട ജീവിത നിലവാരമാണോ. അതോ ബാലിശമായ വികാരങ്ങളോ. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്ന യുവാക്കളോ. അതോ തൊഴില്‍ ചെയ്യുന്ന യുവാക്കളോ. സ്‌നേഹമോ അതോ വെറുപ്പോ' - രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവച്ച ഒരു പോസ്റ്റ് ഇങ്ങനെയായിരുന്നു.
മണിപ്പൂരിലെ തൗബാല്‍ ജില്ലയിലുള്ള ഒരു മൈതാനത്തുവച്ചാണ് ഭാരത് ജോഡോ ന്യായ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നത്. പാലസ് ഗ്രൗണ്ടില്‍ നിന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്യണമെങ്കില്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ ഫ്ലാഗ് ഓഫിനായി മറ്റൊരു വേദി തെരഞ്ഞെടുക്കുകയായിരുന്നു. മണിപ്പൂരില്‍ കഴിഞ്ഞ മെയ് മുതല്‍ വംശീയ കലാപം രൂക്ഷമാണ്. 180ലധികം പേര്‍ക്ക് കലാപത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടിരുന്നു. മെയ്‌തി സമുദായത്തിന്‍റെ പട്ടിക വര്‍ഗ പദവിയില്‍ പ്രതിഷേധിച്ച് മെയ് മൂന്നിന് മലയോര ജില്ലകളില്‍ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചതിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പാര്‍ട്ടിയുടെ മറ്റ് ഉന്നത നേതാക്കളും ന്യായ് യാത്ര ഫ്ലാഗ് ഓഫ് ചടങ്ങില്‍ പങ്കെടുക്കാന്‍ തൗബാലില്‍ എത്തും. 6,713 കിലോമീറ്റര്‍ ആണ് ഭാരത് ജോഡോ ന്യായ് യാത്ര പര്യടനം നടത്തുക. ഉത്തര്‍പ്രദേശിലാണ് ദൈര്‍ഘ്യമേറിയ പര്യടനം. 11 ദിവസം കൊണ്ട് സംസ്ഥാനത്ത് 1074 കിലോമീറ്റര്‍ സഞ്ചരിക്കും. അമേഠി, ഗാന്ധി കുടുംബത്തിന്‍റെ കോട്ടയായ റായ്‌ബറേലി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി തുടങ്ങി സുപ്രധാന രാഷ്‌ട്രീയ മേഖലകളില്‍ ന്യായ് യാത്ര പര്യടനം നടത്തും.
കാല്‍നടയായും ബസിലും രാഹുല്‍ ഗാന്ധിയും സംഘവും സഞ്ചരിക്കും. 67 ദിവസങ്ങള്‍ കൊണ്ട് 110 ജില്ലകള്‍, 100 ലോക്‌സഭ മണ്ഡലങ്ങള്‍, 337 നിയമസഭ മണ്ഡലങ്ങള്‍ ചുറ്റി യാത്ര മാര്‍ച്ച് 20 ന് സമാപിക്കും. മുംബൈയിലാണ് സമാപനം.