ന്യൂഡൽഹി : രണ്ട് മുതൽ 18 വയസ് വരെയുള്ളവരിലെ പരീക്ഷണത്തിനായി വിദഗ്‌ധ സമിതി ഭാരത് ബയോടെക്കിന്‍റെ കോവാക്‌സിൻ ശുപാർശ ചെയ്തു. ഡൽഹി എയിംസ്, പട്‌ന എയിംസ്, നാഗ്‌പൂരിലെ മെഡിട്രീന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവയുള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ 525 വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരീക്ഷണം നടക്കുക.
ഈ പ്രായക്കാരിൽ വാക്‌സിനേഷൻ സ്വീകരിക്കുന്നതിലുള്ള സുരക്ഷിതത്വം, സ്വീകരിച്ച ശേഷമുള്ള ശരീരത്തിന്‍റെ പ്രതികരണം, പ്രതിരോധശേഷി എന്നിവ സംബന്ധിച്ച് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്‍റെ (സിഡിഎസ്‌സിഓ) കൊവിഡ് വിഷയ വിദഗ്‌ധ സമിതി(എസ്‌ഇസി) ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കുമായി ആശയവിനിമയം നടത്തിയിരുന്നു.
Also Read: വാക്സിന്‍ നയത്തിലെ അപാകത : ഭാരത് ബയോടെക്കിനും സെറത്തിനും ഹൈക്കോടതി നോട്ടിസ്
രണ്ടാംഘട്ട പരീക്ഷണത്തിന്‍റെ സുരക്ഷാവിവരങ്ങൾ മൂന്നാം ഘട്ട വാക്സിനേഷന് മുമ്പായി കമ്പനി ഇടക്കാല റിപ്പോര്‍ട്ടായി സിഡിഎസ്‌സിഓയ്‌ക്ക് സമർപ്പിക്കുക എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കുത്തിവയ്‌പ്പ് നടത്താമെന്ന് കമ്മിറ്റി ശുപാർശ ചെയ്തു. ഫെബ്രുവരി 24ന് നടന്ന എസ്ഇസി യോഗത്തിലാണ് നേരത്തെ ഈ നിർദേശം ചർച്ച ചെയ്തിരുന്നത്.
പുതുക്കിയ ക്ലിനിക്കൽ ട്രയൽ പ്രോട്ടോക്കോൾ സമർപ്പിക്കാൻ കമ്പനിയോട് അന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ച് ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിൻ, നിലവിൽ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന കൊവിഡ് വാക്‌സിനേഷൻ ഡ്രൈവില്‍ പ്രധാനമായി ഉപയോഗിക്കുന്നതാണ്.