ജയ്‌പൂർ: രാജസ്ഥാന്‍റെ പുതിയ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമ്മയെ തെരഞ്ഞെടുത്തു. ജയ്‌പൂരില്‍ ചേർന്ന ബിജെപി നിയമസഭ കക്ഷി യോഗത്തിന് ശേഷമാണ് പുതിയ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിച്ചത്. ഇതോടെ രാജസ്ഥാന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ദിവസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വത്തിനും വിരാമമായി. സംഗനീറില്‍ നിന്നുള്ള എംഎല്‍എയാണ് ഭജൻലാൽ ശർമ്മ.
വസുന്ധര രാജെയാണ് ഭജൻലാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. രാജസ്ഥാനില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെയും ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. ദിയ കുമാരിയും പ്രേംചന്ദ് ബയിർവയും ഉപമുഖ്യമന്ത്രിമാരാകും. വസുദേവ് ദേവ്നാനി നിയമസഭ സ്‌പീക്കറാകും.
ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള ഭജൻലാല്‍ ശർമ ആദ്യമായാണ് എംഎല്‍എയാകുന്നത്. 56 കാരനായ ഭജൻ ലാല്‍ ശർമ്മ 48,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിയമസഭയിലെത്തിയത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒൻപത് ദിവസത്തിന് ഭജൻലാലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 1993-ൽ ജയ്പൂരിലെ രാജസ്ഥാൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റർ ബിരുദം നേടിയ ഭജൻ ലാല്‍ രാജസ്ഥാൻ ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന നേതാവാണ്.
ഭരത് പൂര്‍ സ്വദേശിയായ ഭജന്‍ലാല്‍ ശര്‍മ ദീര്‍ഘ കാലമായി രാജസ്ഥാന്‍ ബിജെപിയുടെ നേതൃനിരയിലുണ്ട്. എബിവിപിയിലൂടെ പൊതു പ്രവര്‍ത്തന രംഗത്തെത്തിയ ഭജന്‍ലാല്‍ ശര്‍മ്മ അടിയുറച്ച ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. സംഗനീര്‍ പോലെ ബിജെപിയുടെ ഉറച്ച മണ്ഡലത്തില്‍ സിറ്റിങ്ങ് എംഎല്‍എ അശോക് ലഹോട്ടിയെ മാറ്റി ഭജന്‍ലാല്‍ ശര്‍മയെ ബിജെപി മല്‍സരിപ്പിച്ചത് കൃത്യമായ ലക്ഷ്യങ്ങളോടെയായിരുന്നു എന്ന് വ്യക്തം.
കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്‌വാൾ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അശ്വിനി വൈഷ്ണവ്, മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, ദിയാ കുമാരി, രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, ബാബ ബാലക്നാഥ് എന്നി പേരുകൾ പരിഗണിച്ച ശേഷമാണ് ബിജെപി കേന്ദ്ര നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭജൻലാലിനെ തെരഞ്ഞെടുത്തത്. ബിജെപി കേന്ദ്ര നിരീക്ഷകർ എംഎല്‍എമാരെ നേരില്‍ കണ്ട ശേഷം നടന്ന നിയമസഭ കക്ഷി യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയായി ഭജൻ ലാലിനെ പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി നേതാക്കളായ വിനോദ് താവ്‌ഡെ, സരോജ് പാണ്ഡെ, മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, ബിജെപി സംസ്ഥാന അധ്യക്ഷൻ സിപി ജോഷി എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.