ന്യൂഡല്‍ഹി: ഭഗവദ്ഗീത ആളുകളെ ചിന്തിപ്പിക്കുകയും ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി ഛിദ്ഭാവ്നന്ദ തയ്യാറാക്കിയ ഭഗവദ്ഗീത ഇ-ബുക്ക് പതിപ്പിന്‍റെ വെർച്വൽ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. " ഗീത ഒരാളെ ചിന്തിപ്പിക്കുന്നു. ചോദ്യം ചെയ്യാൻ പ്രചോദിപ്പിക്കുന്നു. സംവാദത്തെ പ്രോത്സാഹിപ്പിക്കുകയും മനസ്സ് തുറന്നിടുകയും ചെയ്യുന്നു. ഗീതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഏതൊരാളും എല്ലായെപ്പോഴും പ്രകൃതിയോട് അനുകമ്പയും സ്വഭാവത്തില്‍ ജനാധിപത്യം പുലര്‍ത്തുന്നവനുമായിരിക്കും"- മോദി പറഞ്ഞു.
ഭഗവദ്ഗീതയുടെ ഭംഗി അതിന്‍റെ ആഴത്തിലും വൈവിധ്യത്തിലും വഴക്കത്തിലുമാണ്. ഇടർച്ചയുണ്ടായാൽ അവനെ മടിയിൽ ഇരുത്തുന്ന അമ്മ എന്നാണ് ആചാര്യ വിനോബാ ഭാവെ ഗീതയെ വിശേഷിപ്പിച്ചത്. മഹാത്മാഗാന്ധി, ലോക്മന്യ തിലക്, മഹാകവി സുബ്രഹ്മണ്യ ഭാരതി തുടങ്ങിയ മഹാന്മാർ ഗീതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്കിടയിൽ ഇ-ബുക്കുകളുടെ ഉപയോഗം വർധിച്ചുവരുന്നുണ്ട്. ഗീതയെ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ കൂടുതൽ യുവാക്കളെ ഇതുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.