ബെംഗളൂരു: ഓണ്‍ലൈന്‍ ആപ്പ് വഴി വിമാനടിക്കറ്റ് എടുത്തയാള്‍ക്ക് നഷ്ടമായത് ഏഴ് ലക്ഷം രൂപ. ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് ക്ലിയര്‍ ട്രിപ്പ് വഴി ടിക്കറ്റ് എടുത്ത വ്യവസായി ജികെ വിജയ് കുമാറിനാണ് തുക നഷ്ടമായത്. ഡിസംബര്‍ 31നായിരുന്നു ഇദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ കുറച്ച് സമയത്തിനകം ഇടപാട് നടന്നില്ലെന്ന് കാണിച്ച സന്ദേശം ലഭിച്ചു. തുടര്‍ന്ന് 6,95,282 രൂപ നഷ്ടപ്പെട്ടതായി കാണിച്ച് അദ്ദേഹത്തിന് ബാങ്കില്‍ നിന്നും സന്ദേശവും ലഭിക്കുകയായിരുന്നു.
തുടര്‍ന്ന് കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ട വിജയിയോട് ദീപക് കുമാര്‍ ശര്‍മ എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ സംസാരിച്ചു. എന്നാല്‍ പണം തിരികെ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. ടെക്നിക്കല്‍ പ്രശ്നമാണ് ഇതിന് കാരണമായി പറഞ്ഞത്. തുടര്‍ന്ന് വിജയിയോട് തന്‍റെ മറ്റ് ബാങ്കുകളുടെ വിവരങ്ങളും ചോദിച്ചു. ഇതില്‍ സംശയം തോന്നിയ അദ്ദേഹം വൈറ്റ് ഫീല്‍ഡ് സൈബര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.