ബെംഗളൂരു: പ്രണയ ബന്ധം അവസാനിപ്പിച്ചതിന്‍റെ പേരില്‍ കാമുകന്‍ തന്‍റെ മുന്‍ കാമുകിയെ കൊലപ്പെടുത്തി. കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിലാണ് സംഭവം. കൊലപാതകത്തിന് ശേഷം യുവാവ് തന്‍റെ വീട്ടിലെത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബെംഗളൂരുവിലെ വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊലപാതകം അരങ്ങേറിയത്. മനോജ് എന്ന യുവാവാണ് തന്‍റെ മുന്‍ കാമുകിയെ കൊലപ്പെടുത്തിയത്. നിരവധി വര്‍ഷങ്ങള്‍ മനോജ് യുവതിയുമായി അടുപ്പത്തില്‍ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു.
അവര്‍ പരസ്‌പരം വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ യുവതിയുടെ കുടുംബം പ്രണയബന്ധം അറിഞ്ഞതോടുകൂടി പ്രശ്‌നങ്ങള്‍ക്ക് തുടക്കമാവുകയായിരുന്നു. മനോജിനെ യുവതി വിവാഹം കഴിക്കുന്നതില്‍ യുവതിയുടെ കുടുംബത്തിന് താത്‌പര്യം ഉണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ മനോജുമായുള്ള പ്രണയ ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങുന്നതിനായി കുടുംബം യുവതിയില്‍ സമ്മര്‍ദം ചെലുത്തി. തങ്ങള്‍ കണ്ടെത്തിയ മറ്റൊരു യുവാവിനെ കൊണ്ട് യുവതിയെ വിവാഹം കഴിപ്പിക്കാനായിരുന്നു കുടുംബം തീരുമാനിച്ചിരുന്നത്. ആദ്യമൊക്കെ ഇതിനെ യുവതി എതിര്‍ത്തു എന്നാല്‍ കടുത്ത സമ്മര്‍ദം താങ്ങാന്‍ സാധിക്കാതെ മനോജുമായുള്ള പ്രണയ ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ യുവതി തീരുമാനിക്കുകയായിരുന്നു.
വിവാഹ ആലോചന അറിഞ്ഞത് മനോജിനെ കൂടുതല്‍ അസ്വസ്ഥനാക്കി: തുടര്‍ന്ന് മനോജിനെ കാണുന്നതും ഫോണിലൂടെയും മറ്റും സംസാരിക്കുന്നതും യുവതി അവസാനിപ്പിച്ചു. കുടുംബം കണ്ടെത്തിയ ആളുമായുള്ള വിവാഹത്തിന് യുവതി സമ്മതിക്കുകയും ചെയ്‌തു. ഈ വാര്‍ത്ത അറിഞ്ഞതോടുകൂടി മനോജ് വലിയ രീതിയില്‍ മാനസികമായി തകര്‍ന്ന അവസ്ഥയില്‍ ആയിരുന്നു എന്ന് മനോജുമായി ബന്ധമുള്ളവര്‍ വ്യക്തമാക്കുന്നു.
യുവതിയെ മനോജ് ഫോണിലും മറ്റും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് യുവതിയുടെ വീട്ടില്‍ നേരിട്ട് ചെന്ന് അവളെ കാണാന്‍ തീരുമാനിക്കുകയായിരുന്നു മനോജ്. മറ്റാരും വീട്ടില്‍ ഇല്ലാത്ത സമയത്താണ് മനോജ് അവളുടെ വീട്ടില്‍ അതിക്രമിച്ച് കടക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
കൊലപ്പെടുത്തുന്നത് തലയണ ഉപയോഗിച്ച്: ആദ്യം നല്ല രീതിയില്‍ പോയിരുന്ന ഇവരുടെ സംഭാഷണം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. യുവതിയുടെ വിവാഹ ആലോചനയുമായി ബന്ധപ്പെട്ടുള്ള സംസാരം മനോജിനെ ആക്രമണത്തിലേക്ക് നയിച്ചു. കിടപ്പ് മുറിയിലെ തലയണ എടുത്ത് ശ്വാസം മുട്ടിച്ചാണ് മനോജ് യുവതിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആ വീട്ടില്‍ നിന്ന് നേരെ ബംഗളൂരുവിലെ കെ പി അഗ്രഹാരയിലെ തന്‍റെ വീട്ടിലേക്ക് വരികയായിരുന്നു.
മനോജ് വീട്ടില്‍ വച്ച് ആത്‌മഹത്യയ്‌ക്ക് ശ്രമിക്കുകയും ചെയ്‌തു. എന്നാല്‍ സംഭവം അറിഞ്ഞ മനോജിന്‍റെ കുടുംബം ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷന്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തു.
സംഭവത്തില്‍ ബെംഗളൂരു സെന്‍ട്രല്‍ ഡിവിഷന്‍ പൊലീസ് ഡിസിപി ശ്രീനിവാസ ഗൗഡ മാധ്യമങ്ങളോട് പ്രതികരിച്ചു. മനോജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്നും ആരോഗ്യം വീണ്ടെടുക്കുന്ന പക്ഷം മനോജിനെ പൊലീസ് കസ്റ്റഡിയില്‍ കിട്ടാനായി അപേക്ഷ നല്‍കി ചോദ്യം ചെയ്യുമെന്നും ശ്രീനിവാസ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.