പനാജി (ഗോവ): നാലുവയസുള്ള മകന്‍റെ മൃതദേഹം ബാഗിലാക്കി യാത്ര ചെയ്യവെ പിടിയിലായ യുവസംരഭക തന്‍റെ മലയാളി ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനത്തിനായി കാത്തിരിക്കുകയായിരുന്നെന്ന് പൊലീസ് (Bengaluru CEO Killed 4 Year Old Son In Goa). ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌റ്റാര്‍ട്ടപ്പിന്‍റെ സ്ഥാപകയും സിഇഒ യുമായ സുചന സേഥ് (39) മകന്‍റെ മൃതദേഹവുമായി ഗോവയില്‍ നിന്നും കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് പിടിയിലായത്. വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഒരാഴ്‌ച മുന്‍പ് കോടതിയില്‍ നിന്നും തനിക്ക് പ്രതികൂലമായ വിധിയാണ് വന്നതെന്നും ഇതില്‍ തനിക്ക് നിരാശയുണ്ടായിരുന്നുവെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.
കുട്ടിയുടെ മരണം എങ്ങനെ സംഭവിച്ചുവെന്ന അന്വേഷമത്തിലാണ് പൊലീസ്. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ മാത്രമെ ഇതില്‍ വ്യക്തത വരുത്താന്‍ സാധിക്കൂവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അതേസമയം, നാലുവയസുകാരന്‍ മരിച്ച വിവരം കുട്ടിയുടെ അച്ഛനെ അറിയിച്ചിട്ടുണ്ടെന്ന് നോര്‍ത്ത് ഗോവ പൊലീസ് അറിയിച്ചു.
ഗോവയിലെ കണ്ടോലിമിലെ സർവീസ് അപ്പാർട്ട്‌മെന്‍റിൽ യുവതി മകനൊപ്പം എത്തിയാണ് മുറിയെടുത്തത്. ഇവര്‍ മുറി വേക്കേറ്റ് ചെയ്‌തപ്പോള്‍ കുട്ടി ഒപ്പമുണ്ടായിരുന്നില്ല. ഇതാണ് അപ്പാര്‍ട്ടമെന്‍റ് ജീവനക്കാരില്‍ സംശയം ജനിപ്പിച്ചത്. ജീവനക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് സ്ഥലത്ത് എത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ മുറിക്കുള്ളില്‍ ചോരപ്പാട് കണ്ടതും സശംയം വര്‍ധിപ്പിച്ചു.
പിന്നീട് യുവതി സഞ്ചരിച്ചിരുന്ന ടാക്‌സി കാര്‍ പൊലീസ് വഴിയില്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം ബാഗിനുള്ളില്‍ കണ്ടെത്തിയത്. യുവതിയെ ചോദ്യം ചെയ്‌തെങ്കിലും കുട്ടിയുടെ മരണം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് കര്‍ണാടക പൊലീസ് നല്‍കുന്ന വിശദീകരണം.
കുട്ടിയുടെ മരണം സംഭവിച്ചത് ഗോവയില്‍ വച്ച് ആയതിനാല്‍ യുവതിയെ കര്‍ണാടക പൊലീസിന്‍റെ പക്കല്‍ നിന്നും ഗോവ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നിലവില്‍ കസ്റ്റഡിയിലുള്ള സുചാന സേഥിനെ ചോദ്യം ചെയ്‌ത് വരികയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമെ കുട്ടി എങ്ങനെയാണ് മരിച്ചതെന്ന വിവരം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.
അതേസമയം, യുവതി താമസിച്ചിരുന്ന മുറിയില്‍ എത്തി ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. കൂടാതെ, സിസിടിവി ദൃശ്യങ്ങളും തെളിവായി അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു നോർത്ത് ഗോവയിലെ കണ്ടോലിമിലെ സർവീസ് അപ്പാർട്ട്‌മെന്‍റിൽ യുവതിയും മകനും മുറിയെടുക്കുന്നത്. തുടര്‍ന്ന് തിങ്കളാഴ്‌ച (ജനുവരി 8) പുലര്‍ച്ചെയായിരുന്നു ഇവര്‍ ഗോവയില്‍ നിന്നും കര്‍ണാടകയിലേക്ക് യാത്ര തിരിച്ചത്.
Read More : 4 വയസുള്ള മകനെ കൊന്ന് ബാഗിലാക്കി ഗോവയിൽ നിന്ന് കാർ യാത്ര ; യുവ സംരംഭകയെ അറസ്‌റ്റ് ചെയ്‌ത് പൊലീസ്