ബെംഗളൂരു: കര്‍ണാടകയിലെ സദാശിവ നഗറില്‍ മദ്യപന്‍ സഞ്ചരിച്ച കാര്‍ സ്‌കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. കുവെമ്പുനഗർ സ്വദേശികളായ രഘു (65), മകൻ ചിരഞ്ജീവി (25) എന്നിവര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. അപകടത്തില്‍ രഘുവിന്‍റെ മരുമകൻ വാസുവിന് ഗുരുതര പരിക്കേറ്റു.
നിരവധി വാഹനങ്ങളെ ഇടിച്ച ശേഷമാണ് കാര്‍ ഇവര്‍ക്ക് നേരെ പാഞ്ഞുകയറിയത്. സംഭവത്തിന് ശേഷം കാര്‍ ഡ്രൈവര്‍ ആകാശ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞുവയ്‌ക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്‌തു. ഇന്നലെ രാത്രി 11.30നുണ്ടായ അപകടം സിസിടിവി ക്യാമറയിൽ പതിയുകയും ഈ ദൃശ്യം പൊലീസ് പുറത്തുവിടുകയും ചെയ്‌തിട്ടുണ്ട്. റോഡുവക്കില്‍ പുസ്‌തക വില്‍പന നടത്തിയിരുന്ന രഘു വീട്ടിലേക്ക് മടങ്ങാന്‍ വേണ്ടി മകനും മരുമകനും ഒപ്പം പാതയോരത്ത് നില്‍ക്കുമ്പോഴാണ് അപകടം.
കാറിലുണ്ടായിരുന്ന മറ്റ് നാലുപേര്‍ ഓടി രക്ഷപ്പെട്ടു: നിയന്ത്രണം വിട്ടുവന്ന കാര്‍, പാർക്ക് ചെയ്‌തിരുന്ന മറ്റൊരു കാറിലും ഓട്ടോയിലും ഇടിച്ച ശേഷം റോഡരികിൽ നില്‍ക്കുകയായിരുന്ന വാസുവിനേയും ശേഷം സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന രഘുവിനേയും ചിരഞ്ജീവിയേയും ഇടിക്കുകയായിരുന്നു. എംഎസ് രാമയ്യ ആശുപത്രി ഭാഗത്ത് നിന്നും വരികയായിരുന്നു അപകടമുണ്ടാക്കിയ കാര്‍. തുടർച്ചയായി അപകടമുണ്ടാക്കിയ കാർ ഡ്രൈവർ, ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
കാറിലുണ്ടായിരുന്ന മറ്റ് ചിലർ ഓടിയപ്പോള്‍ പ്രദേശത്തെ നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേർന്ന് തടഞ്ഞുനിർത്തിയിരുന്നു. എന്നാല്‍, ഇവരെ മറികടന്ന് ഓടി രക്ഷപ്പെട്ടു. കാറിൽ ആകെ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. പബ്ബിൽ നിന്നും മദ്യപിച്ചുവരുന്നതിനിടെയാണ് സംഭവമുണ്ടായതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. നിലവിൽ, പ്രതിക്കെതിരെ സദാശിവനഗർ സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കാര്‍ ഓടിച്ചയാള്‍ മദ്യപിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ഒളിവിലുള്ള ബാക്കി നാലുപേരെ അറസ്റ്റ് ചെയ്യാൻ പൊലീസ് നടപടി സ്വീകരിച്ചു.
നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടുമരണം, ആറ് പേര്‍ക്ക് പരിക്ക്: അമിത വേഗത്തില്‍ എത്തിയ കാര്‍ ഒന്നിന് പുറകെ ഒന്നായി എട്ട് പേരെ ഇടിച്ച് തെറിപ്പിച്ച സംഭവം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. അപകടത്തില്‍ രണ്ട് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഭൻവാർ കുവാൻ മേഖലയിലാണ് സംഭവം.
അപകടത്തെ തുടര്‍ന്ന് ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചു. അശ്രദ്ധമായി ഓടിച്ചിരുന്ന കാര്‍ ആദ്യം ഒരു മോട്ടോര്‍ ബൈക്കില്‍ ഇടിക്കുന്നത് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡിന്‍റെ മറുവശത്തേക്ക് തെന്നി നീങ്ങി. പിന്നാലെ കാല്‍നടയാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.