സിലിഗുരി: മുഖ്യമന്ത്രി മമത ബാനർജിയുടെ സ്വപ്‌ന പദ്ധതിയും രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുമായ ബംഗാൾ സഫാരി പാർക്കിൽ മാനുകൾ ഒന്നിന് പിറകെ ഒന്നായി ചത്തൊടുങ്ങുന്നു. കഴിഞ്ഞ ഏഴ് മാസമായി സഫാരി പാർക്ക് അധികൃതർക്ക് വിഷയത്തിൽ കടുത്ത അനാസ്ഥയുണ്ടെന്നാണ് ആക്ഷേപം. പാർക്കിന്‍റെ ശോചനീയാവസ്ഥയിൽ അധികൃതരുടെ അവഗണനയും അശ്രദ്ധയുമാണെന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തി.
മാനുകളുടെ എണ്ണം പകുതിയായി കുറഞ്ഞു: അടുത്തിടെ സഫാരി പാർക്കില്‍ ഓസ്‌ട്രേലിയൻ കംഗാരു ചത്തിരുന്നു. മാത്രമല്ല, പാർക്കിലെ തകർന്ന ചുറ്റുമതിലുകളുടെയും വാച്ച് ടവറുകളുടെയും ചിത്രങ്ങളും പുറത്തുവന്നു. തകർന്ന ചുറ്റുമതിലിൽ നിന്ന് മാനുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്ന തരത്തിലാണ് സ്ഥിതിഗതികൾ.
പാർക്ക് അധികൃതരുടെ ശ്രദ്ധക്കുറവ് മൂലം രണ്ട് മാസത്തിനിടെ 27ലധികം മാനുകൾ ചത്തു. 2016ൽ മാനുകളുടെ എണ്ണം 450 ആയിരുന്നു. എന്നാൽ, 2022 ആയപ്പോഴേക്കും മാനുകളുടെ എണ്ണം 250 ആയി കുറഞ്ഞു. മാലിന്യം ഭക്ഷിക്കുന്ന മാനുകളെ ആളുകൾ കണ്ടതായും ആരോപണമുണ്ട്.
പരാതിയുമായി നിരവധിപേർ: സഫാരി പാർക്കിന്‍റെ ശോചനീയാവസ്ഥയെ തുടർന്ന് സോളിറ്ററി നേച്ചർ ആൻഡ് ആനിമൽ പ്രൊട്ടക്ഷൻ ഫൗണ്ടേഷൻ എഡിറ്റർ കൗസ്‌തവ് ചൗധരി പരാതിയുമായി രംഗത്ത് വന്നു. മാസങ്ങളായി ബംഗാൾ സഫാരി പാർക്കിനെതിരെ അലക്ഷ്യ ആരോപണമുണ്ട്. അടുത്തിടെ ഒരു കംഗാരു ചത്തിരുന്നു. മാനുകളുടെ അവസ്ഥയും മറിച്ചല്ല. വാച്ച് ടവർ ശോചനീയാവസ്ഥയിലാണ്.
ബംഗാൾ സഫാരി പാർക്ക് വടക്കൻ ബംഗാളിലോ സംസ്ഥാനത്തിലോ മാത്രം ഒതുങ്ങുന്നതല്ല. രാജ്യത്തെ മികച്ച സഫാരി പാർക്കുകളിലൊന്നാണിത്. അവിടെ ഇത്തരത്തിലൊരു അവഗണന അംഗീകരിക്കാനാവില്ല. സമീപത്തെ മഹാനന്ദ സങ്കേതത്തിൽ ധാരാളം പുള്ളിപ്പുലികളുണ്ട്. മാനുകൾ പാർക്കിന് പുറത്ത് കടക്കുന്നതിലൂടെ വേട്ടയാടപ്പെടാനുള്ള സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിലേക്ക് നയിച്ച അധികാരികൾക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്ന് സിലിഗുരി ഒപ്‌ടോപിക് സൊസൈറ്റി പ്രസിഡന്‍റ് ദീപ്ജ്യോതി ചക്രവർത്തി പറഞ്ഞു.
വനം മന്ത്രിയുടെ പ്രതികരണം; ഈ സംഭവം ഇതുവരെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് വനം മന്ത്രി ജ്യോതിപ്രിയ മല്ലിക് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തിയശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
സഫാരി പാർക്കിനുണ്ടായ പ്രശ്‌നങ്ങൾ ഞങ്ങൾ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. അറ്റകുറ്റപ്പണികളും പുനരുദ്ധാരണങ്ങളും നടക്കുന്നുണ്ട്. ഏറ്റവും വേഗത്തിൽതന്നെ പണികൾ പൂർത്തിയാക്കുമെന്ന് സംസ്ഥാന മൃഗശാല അതോറിറ്റി അംഗം സൗരവ് ചൗധരി പറഞ്ഞു.
റായ്‌ഗഞ്ചിലെ അദീന പാർക്ക്, ഖരഗ്‌പൂരിലെ ഹിജ്ലി, ശാന്തിനികേതനിലെ ബല്ലാബ്‌പൂർ എന്നിവിടങ്ങളിൽ നിന്നാണ് മാനുകളെ ബംഗാൾ സഫാരി പാർക്കിലേക്ക് എത്തിച്ചത്. പിന്നീട് മാനുകളുടെ എണ്ണം വർധിക്കുകയും ഏതാണ്ട് ഇരട്ടിയാകുകയും ചെയ്‌തു. തൽഫലമായി, അന്നത്തെ പാർക്ക് അധികൃതരും സംസ്ഥാന വനം വകുപ്പും 2018-19 ൽ 50 ഓളം മാനുകളെ അവിടെ നിന്ന് മാറ്റിയിരുന്നു.