കോലാപൂർ : മഹാരാഷ്‌ട്രയില്‍ ഉടുമ്പിനെ (Bengal Monitor) ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയതിന് മൂന്ന് പേര്‍ പിടിയില്‍. തോക്കുമായി വനത്തില്‍ അതിക്രമിച്ചുകയറിയാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചത്. കോലാപൂർ ജില്ലയിലെ സഹ്യാദ്രി കടുവാ സങ്കേതത്തിന്‍റെ ഉള്‍വനത്തിലാണ് സംഭവം.
സംഭവത്തെക്കുറിച്ച് അധികൃതര്‍ : മാർച്ച് 31 ന് തോക്കുമായി വനത്തിലേക്ക് കടക്കുന്നതിനിടെ പ്രതികള്‍ ക്യാമറയിൽ പതിഞ്ഞു. ഇതോടെ വനംവകുപ്പ് അന്വേഷണം ആരംഭിയ്‌ക്കുകയും പ്രതികൾ വേട്ടക്കാരാണെന്ന് തിരിച്ചറിയുകയുമുണ്ടായി. വനംവകുപ്പ് ഉദ്യോഗസ്ഥനായ നന്ദകുമാർ നൽവാഡെ സംഘത്തെക്കുറിച്ച് കാരാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫിസിൽ വിവരമറിയിച്ചു.
ചന്ദോളി ദേശീയ സുവോളജിക്കല്‍ പാര്‍ക്കിലടക്കം നിരവധിയടങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തി. ഒടുവില്‍, അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കടുവ സങ്കേതത്തിന്‍റെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹവിറ്റ് (Hawit) ഗ്രാമത്തിൽ നിന്ന് ഏപ്രിൽ ഒന്നിന് ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തു.
പ്രതികള്‍ക്ക് ലഭിക്കുന്ന ശിക്ഷ ? : ചോദ്യം ചെയ്‌തതോടെ, ലൈസൻസില്ലാതെ സങ്കേതത്തില്‍ പ്രധാന ഭാഗത്ത് പ്രവേശിച്ചെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്‌തു. രത്‌നഗിരി സ്വദേശികളായ രണ്ട് പ്രതികള്‍ കൂടി തന്‍റെ ഒപ്പമുണ്ടായതായി പിടിയിലായ ആള്‍ മൊഴിനല്‍കി. തുടര്‍ന്ന്, അറസ്റ്റിലായവരിൽ നിന്ന് ആയുധങ്ങളും മോട്ടോർ സൈക്കിളുകളും പൊലീസ് കണ്ടെടുത്തു.
ചോദ്യംചെയ്യലിനിടെ വാങ്ങിവച്ച മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികള്‍ ഉടുമ്പിനെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യം ലഭിച്ചത്. സംഭവത്തില്‍, ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ വിശാൽ മാലി പ്രതികളെ കോടതിയിൽ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി.
രാജ്യത്ത് കാണപ്പെടുന്ന പ്രധാന വ്യത്യസ്‌ത ഉടുമ്പുകളിലൊന്നാണ് ബംഗാൾ മോണിറ്റർ ലിസാർഡ്. വന്യജീവി സംരക്ഷണം നിയമം 1972 പ്രകാരം കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതികള്‍ക്ക് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.