കൊൽക്കത്ത: കേരളത്തില്‍ നിന്ന് പശ്ചിമ ബംഗാളിലേക്കും പടര്‍ന്ന് നിപ ഭീതി. കേരളത്തില്‍ നിന്ന് തിരികെ പശ്ചിമ ബംഗാളിലെത്തിയ തൊഴിലാളിയെ നിപ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു (Bengal Man Returned From Kerala Suspected Nipah Infection) . ബർദാൻ ജില്ലക്കാരനായ യുവാവിനാണ് നിപ ലക്ഷണങ്ങള്‍ പ്രകടമായത്. ഇതോടെ ഇയാളെ ബെലിയഘട ഐഡി (Beliaghata ID Hospital) ആശുപത്രിയിലേക്കു മാറ്റി. കടുത്ത പനിയും ഛര്‍ദ്ദിയും തൊണ്ട വേദനയും (High Fever, Nausea and Throat Pain) മൂലമാണ് ഇയാള്‍ ചികിത്സ തേടിയത്. സ്രവങ്ങള്‍ പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ട്. പരിശോധനാ ഫലങ്ങൾ നാളെ പുറത്തുവരുമെന്നാണ് വിവരം
കേരളത്തിലുള്ളപ്പോൾ പനിയെ തുടർന്ന് ഇയാളെ എറണാകുളത്തെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പനി മാറിയതോടെ ഡിസ്‌ചാര്‍ജ് ആയതിനു പിന്നാലെ ഇയാള്‍ പശ്ചിമ ബംഗാളിലേക്ക് മടങ്ങുകയായിരുന്നു. നാട്ടിലെത്തിയതിനു പിന്നാലെ വീണ്ടും കടുത്ത പനി വന്നു. ഇതോടെയാണ് അവിടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കേരളത്തില്‍ പുതിയ നിപ കേസുകളില്ല: അതേസമയം കേരളത്തില്‍ കഴിഞ്ഞ നാലു ദിവസമായി നിപ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി (Minister Veena George States No New Nipah Positive Cases). ചികിത്സയിലുള്ള ഒമ്പതു വയസ്സുകാരന്‍റെ നില മെച്ചപ്പെടുന്നുണ്ട്. മറ്റ് മൂന്നുപേരുടെ നിലയും തൃപ്തികരമാണ്. രോഗവ്യാപനം തടയാന്‍ സാധിച്ചെങ്കിലും ആശ്വസിക്കാനുള്ള സമയം ആയിട്ടില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് ചേർന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിപ വൈറസ് പഠനങ്ങൾക്ക് നേതൃത്വം നൽകിയത് ഐസിഎംആർ (ICMR) ആണ്. മനുഷ്യരിലേക്ക് എങ്ങനെ വൈറസ് എത്തുന്നു എന്നതിന് അവർക്കും ഉത്തരം കണ്ടെത്താനായിട്ടില്ല. എന്തുകൊണ്ട് കോഴിക്കോട് ജില്ലയിൽ (Kozhikode District) നിപ എന്നതിനും ഐസിഎംആറിന് ഉത്തരമില്ലെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ഇതുവരെ 323 സാമ്പിളുകൾ പരിശോധിച്ചു. 317 എണ്ണവും നെഗറ്റീവാണ്. ഇൻഡക്‌സ് കേസിന്‍റെ ഹൈ റിസ്‌ക് കോണ്ടാക്ടുകളെ (High Risk Contact) പരിശോധിച്ചു. ഇവിടെ ആരോഗ്യവകുപ്പിന്‍റെ നിഗമനം കൃത്യമായിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു. 42 ദിവസം കൂടി നിപ കണ്‍ട്രോൾ റൂം പ്രവർത്തിക്കും. ഇനി പോസിറ്റീവ് കേസുകൾ ഇല്ല എന്നുറപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
"തോന്നയ്ക്കൽ എൻ ഐ വി, ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജുകള്‍ എന്നിവിടങ്ങളിൽ ട്രൂനാറ്റ് പരിശോധന (Truenat Test) നടത്താം. ട്രൂനാറ്റ് ഒരു പ്രാഥമിക പരിശോധന മാത്രമാണ്. നിപയുടെ അന്തിമ പരിശോധന നടത്തി സ്ഥിരീകരണം നൽകേണ്ടത് പുണെ എൻഐവി ആണ്" -ആരോഗ്യ മന്ത്രി വ്യക്തമാക്കി.
അതേസമയം സമരം പ്രഖ്യാപിച്ച പിജി ഡോക്ടർമാരുടെ ആവശ്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ നിപ പ്രതിരോധ പ്രവർത്തനങ്ങളിലാണ് എല്ലാവരും. പകർച്ചപ്പനി ഇപ്പോൾ ശ്രദ്ധിക്കേണ്ട സമയമാണെന്നും ആരോഗ്യ വകുപ്പ് ജാഗ്രത കാണിക്കുന്നുണ്ടന്നും മന്ത്രി കൂട്ടിച്ചേർത്തു.