ന്യൂഡല്‍ഹി: മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്കാരം നേടാനായത് അഭിമാന നിമിഷമാണെന്ന് ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷ്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും പുരസ്കാരം ഏറ്റ് വാങ്ങിയതിന് പിന്നാലെയാണ് ശ്രീജേഷിന്‍റെ പ്രതികരണം.
"ഇത് എല്ലാവർക്കും അഭിമാന നിമിഷമാണ്. കേരളത്തിൽ ഹോക്കി ഒരു ജനപ്രിയ കായിക വിനോദമല്ലെന്ന് നിങ്ങൾക്കറിയാം, എന്നാൽ ഒളിമ്പിക്‌സിന് ശേഷം കാര്യങ്ങൾ മാറുകയാണ്. കേരളക്കാരനായതും ഖേൽരത്‌ന നേടിയതും എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണ്." ശ്രീജേഷ് പറഞ്ഞു.
ഹോക്കിയിൽ മെഡലുകൾ നേടിയ ചരിത്രം ഇന്ത്യയ്‌ക്കുണ്ട്. പക്ഷേ ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് നമ്മള്‍ വീണ്ടും മെഡല്‍ നേടിയത്. മെഡല്‍ നേട്ടം വരും തലമുറയ്ക്ക് മികച്ച പ്രകടനം നടത്താന്‍ പ്രചോദനമാകുമെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.
പി.ആര്‍ ശ്രീജേഷിനോടൊപ്പം ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര, ഗുസ്തി താരം രവികുമാർ, പാരാ ഷൂട്ടർ അവനി ലേഖര, ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി, ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് എന്നിവരുൾപ്പെടെ 11 കായികതാരങ്ങളാണ് മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം ഏറ്റുവാങ്ങിയത്.
പാരാ ബാഡ്‌മിന്‍റണ്‍ താരം കൃഷ്‌ണ നഗറും പുസ്കാരത്തിന് അര്‍ഹനായിരുന്നുവെങ്കിലും അമ്മയുടെ പെട്ടെന്നുള്ള വിയോഗത്തെത്തുടർന്ന് ചടങ്ങിനെത്താനായില്ല.
അതേസമയം ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ ഹോക്കി ടീമിലെ പി.ആര്‍ ശ്രീജേഷിനും മന്‍പ്രീത് സിങ്ങും ഒഴികെ മറ്റ് അംഗങ്ങള്‍ അര്‍ജുന പുരസ്‌കാരത്തിനാണ് അര്‍ഹരായത്.