ന്യൂഡല്‍ഹി: രാജ്യത്തെ യുവാക്കള്‍ മദ്യം വിട്ട് ബിയറിലേക്ക് മാറിയതായി പ്രമുഖ ബിയര്‍ നിര്‍മാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ്. കിംഗ് ഫിഷറും, ഹെനിക്കന്‍ എന്‍ വിയും ഉള്‍പ്പെടുന്ന തങ്ങളുടെ പ്രമുഖ ബിയറുകളുടെ വില്‍പ്പനയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായെന്നും കമ്പനി അവകാശപ്പെട്ടു.
മധ്യവര്‍ഗ കുടുംബങ്ങളുടെ സംസ്കാരത്തില്‍ വന്ന മാറ്റവും അതിവേഗത്തിലുള്ള നഗര വല്‍ക്കരണവും തങ്ങള്‍ക്ക് ഏറെ ഗുണകരമായെന്നുമാണ് കമ്പനിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ വീര്യം കുറഞ്ഞ മദ്യങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. അതിനാല്‍ തന്നെ ബിയര്‍ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.
ഇന്ത്യയിലെ പ്രമുഖ ബിയര്‍ ബ്രാന്‍ഡായ കിംഗ് ഫിഷറിന്‍റെ നിര്‍മാതാക്കളാണ് യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് (യുബിഎല്‍). വിജയ് മല്യ തുടങ്ങിയ സ്ഥാപനം ഇന്ന് ഡച്ച് കമ്പനിയായ ഹെനിക്കന്‍റെ കയ്യിലാണ്. കമ്പനിയുടെ 61.5 ശതമാനം സ്റ്റോക്കുകളും നിലവില്‍ ഹെനിക്കനാണ് നിയന്ത്രിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ വിജയ് മല്യയില്‍ നിന്നും ഡെബിറ്റ് റിക്കവറി ട്രൈബ്യൂണല്‍ പിടിച്ചെടുത്തു 16.15 ശതമാനം ട്രാൻസ്ഫർ ഷെയറുകൾ ഹെനിക്കന്‍ സ്വന്തമാക്കിയിരുന്നു.
Also Read: ബിയര്‍ എത്തിക്കാൻ 'ഫുഡ് ഡെലിവറി'; ചെന്നൈയില്‍ യുവാവ് പിടിയില്‍
രാജ്യത്തിനകത്തും വിദേശത്തുമായി രൂപപ്പെട്ട പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നുണ്ട്. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പുതിയ മാറ്റത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇന്ത്യയിലെ യുവജനങ്ങളുടെ എണ്ണം കൂടി പരിഗണിച്ച് പുതിയ പദ്ധതികള്‍ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.
ഇന്ത്യയില്‍ ഉത്പന്നങ്ങളുടെ വിതരണവും നിര്‍മാണവും വികസിപ്പിക്കാനും ലക്ഷ്യമിടുന്നതായും കമ്പനി അറിയിച്ചു. ഇന്ത്യക്കാര്‍ ബിയറിനെ ഒരു സാമൂഹിക മദ്യമായാണ് ഉപയോഗിക്കുന്നത്. ഈ മാറ്റം കമ്പനി ഉപയോഗപ്പെടുത്തുകയാണെന്നും കമ്പനി അറിയിച്ചു. എന്നാല്‍ രാജ്യത്തെ ഉത്പാദന കേന്ദ്രങ്ങളുടെ കുറവും സര്‍ക്കാര്‍ ചട്ടങ്ങുളം, നികുതിയും കാരണം പ്രവര്‍ത്തനം അത്ര സുഖകരമല്ലെന്നും കമ്പനി അറിയിച്ചു.
ലഹരി തീരെ ഇല്ലാത്തതും കുറഞ്ഞ ലഹരി ഉള്ളതുമായ നിരവധി ഉത്പന്നങ്ങള്‍ നിര്‍മിക്കാനാണ് തങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്. മാത്രമല്ല മദ്യത്തിന്‍റെ ഓണ്‍ലൈന്‍ ബുക്കിംഗും ഡോര്‍ സ്റ്റെപ്പ് ഡെലിവറിയും പല സംസ്ഥാനങ്ങളും തുടങ്ങിയത് തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമാണുണ്ടാക്കിയതെന്നും കമ്പനി അവകാശപ്പെട്ടു. 2022 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ യുബിഎല്ലിന്റെ മൊത്ത വിറ്റുവരവ് 1,311.74 കോടിയായിരുന്നു.