ബെംഗളൂരു: ബെംഗളൂരുവിൽ കൊവിഡ് രോഗികൾക്കായുള്ള കിടക്കകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ഗൗരവ് ഗുപ്‌ത. സെൻട്രൽ ഹോസ്‌പിറ്റൽ ബെഡ് അലോക്കേഷൻ സംഘവുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരും ദിവസങ്ങളിൽ ആശുപത്രികളിൽ കുറഞ്ഞത് 6,000 കിടക്കകളെങ്കിലും എത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കിടക്കകളുടെ ക്രമീകരണത്തിനും മറ്റുമായി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജുകളിലെയും സ്വകാര്യ ആശുപത്രികളിലെയും കിടക്കകളുടെ ക്രമീകരണം എങ്ങനെയായിരിക്കണമെന്ന് യോഗത്തിൽ ചർച്ച ചെയ്‌തു. അതേ സമയം നഗരത്തിൽ പ്രതിദിനം ഒരു ലക്ഷം വാക്‌സിൻ വിതരണം ചെയ്യണമെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചിരുന്നു.
രാജ്യത്തെ കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ കർണാടകയിൽ വെള്ളിയാഴ്‌ച 7,955 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 46 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 10,48,085 ആയി ഉയരുകയും ആകെ 12,813 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.