ബെംഗളൂരു : പൊലീസ് കസ്റ്റഡിയിലിരിക്കെ പരിക്കേറ്റ മാനസിക വെല്ലുവിളി നേരിടുന്നയാൾ മരിച്ചു. പൊലീസ് അക്രമിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇത് സംബന്ധിച്ച്,മരിച്ച റോയ് ഡിസൂസയുടെ സഹോദരൻ പൊലീസില്‍ പരാതി നൽകി.
കേസുമായി ബന്ധപ്പെട്ട് എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായും കേസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന്(സിഐഡി) കൈമാറുമെന്നും സൗത്ത് സോൺ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് പ്രവീൺ കുമാർ പറഞ്ഞു.
വിരാജ്പേട്ട തെരുവിൽ കത്തിയുമായി നടക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് ഡിസൂസയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മൂന്ന് മണിക്കൂർ കസ്റ്റഡിയിൽ വച്ച ശേഷം ബന്ധുക്കൾക്ക് കൈമാറി.
തിരികെ കിട്ടുമ്പോള്‍ റോയിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പരിക്കേറ്റ റോയിയെ മടിക്കേരി ആശുപത്രിയിൽ വെന്‍റിലേറ്റർ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: കണ്ണൂരിൽ ഒരു വയസുകാരിക്ക് രണ്ടാനച്ഛന്‍റെ ക്രൂരമര്‍ദനം
എന്നാൽ, കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് തെരുവിൽ വച്ച് റോയി ഒരു കോൺസ്റ്റബിളിനെ ആക്രമിച്ചതായി പൊലീസ് പറയുന്നു. കസ്റ്റഡി പീഡനമാരോപിച്ച് കോൺഗ്രസ് നേതൃത്വത്തില്‍ വിരാജ്പേട്ട് നിവാസികൾ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.