മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് അപകടത്തില്‍പ്പെട്ട ബാര്‍ജ് പി-305ൽ മരിച്ച 61 പേരിൽ 30 പേരെ തിരിച്ചറിയുന്നതിനായി മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്താനുള്ള നടപടികൾ ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. അറബിക്കടലിൽ നിന്ന് ഇതുവരെ 61 മൃതദേഹങ്ങളാണ് നാവികസേന കണ്ടെടുത്തത്. നിലവിൽ 28 മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ട്. 30 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ചില മൃതദേഹങ്ങൾ അഴുകിയതിനാലും ചിലതിന് ആഴത്തിലുള്ള പരിക്കുകളുള്ളതിനാലും ഇവ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഈ സാഹചര്യത്തിലാണ് മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
കൂടുതൽ വായനയ്‌ക്ക്: ബാർജ് അപകടം; ആറാം ദിവസവും തെരച്ചിൽ തുടരുന്നു
ഇതനുസരിച്ച് മരിച്ചവരുടെയും അവരുടെ അടുത്ത ബന്ധുക്കളുടെയും രക്തസാമ്പിളുകൾ ശേഖരിച്ച് സാൻഡ്‌റാക്രൂസിലെ കലിനയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. പരിശോധന അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും ശേഷം മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ മരിച്ചവരിൽ കൊവിഡ് ബാധിതരുണ്ടോ എന്നറിയാൻ ആർടിപിസിആർ പരിശോധനയും നടത്തിവരുന്നതായി അവർ കൂട്ടിച്ചേർത്തു. സർക്കാർ എണ്ണ, വാതക കമ്പനിയായ ഒഎൻജിസിയുടെ ഓഫ്‌ഷോർ ഓയിൽ ഡ്രില്ലിങ് പ്ലാറ്റ്‌ഫോമിലെ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരുന്നവരാണ് തിങ്കളാഴ്‌ച ചുഴലിക്കാറ്റിൽ അപകടത്തിൽപെട്ടത്. അപകടത്തിൽ പി-305 ബാര്‍ജ് പൂർണമായും മുങ്ങിപ്പോകുകയായിരുന്നു.
കൂടുതൽ വായനയ്‌ക്ക്: മുംബൈ ബാര്‍ജ് അപകടം; ക്യാപ്റ്റനെതിരെ നരഹത്യക്ക് കേസ്