ചെന്നൈ: പാമ്പൻ പാലം കടക്കുന്നതിനിടെ ബാർജ് പാലത്തിന്‍റെ തൂണിലിടിച്ചു. കാറ്റിന്‍റെ ഗതിയിലുണ്ടായ മാറ്റത്തെ തുടർന്നായിരുന്നു സംഭവം. പാലത്തിന്‍റെ തൂണിന് നിലവിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല. തെക്ക് നിന്ന് വടക്കോട്ട് പോകുകയായിരുന്ന ബാർജിനെയും ബോട്ടുകളെയും കടത്തിവിടാനായി ജൂലൈ 24നാണ് പാമ്പൻ പാലം തുറന്നത്. പാമ്പൻ പാലം കടന്നതിന് ശേഷം ബാർജ് മറ്റൊരു ബോട്ടുമായും കൂട്ടിയിടിച്ചിരുന്നു.
പ്രദേശത്ത് അൽപ സമയത്ത് മത്സ്യത്തൊഴിലാളികൾ ആശങ്കയിലായിരുന്നു. അതേ സമയം 2013ൽ നാവിക ബാർജ് പാലവുമായി കൂട്ടിയിടിച്ച് ഘടനാപരമായ നാശമുണ്ടാക്കിയിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ ഓർത്തെടുത്തു. പാക് കടലിടുക്കിന് കുറുകെയുള്ള ഇരുമ്പ് പാലത്തിന് പകരമായി ഇന്ത്യൻ റെയിൽവെ കോൺക്രീറ്റ് പാലത്തിന്‍റെ നിർമാണത്തിലാണ്.
പാമ്പൻ പാലം
തമിഴ്‌നാട്ടിലെ രാമേശ്വരം ഉൾപ്പെടുന്ന പാമ്പൻ ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന പാലമാണ് പാമ്പൻ പാലം. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാമ്പൻ പാലം ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന എൻജിനീയറിങ് വിസ്‌മയങ്ങളില്‍ ഒന്നാണ്. 1914ല്‍ നിർമാണം പൂർത്തിയായ പാമ്പൻ പാലത്തിന് പിന്നിൽ പ്രവർത്തിച്ചത് അമേരിക്കൻ എഞ്ചിനീയർ വില്യം ഡൊണാൾഡ് ഷെർസറാണ്.
ഇന്ത്യൻ ഭൂപ്രദേശത്തിനും പാമ്പൻ ദ്വീപിനും ഇടയില്‍ പാക് കടലിടുക്കിന് കുറുകെ 2345 മീറ്റർ ദൂരത്തിലാണ് രാജ്യത്തെ ഏറ്റവും നീളമുള്ള കടല്‍പ്പാലമായ പാമ്പൻ പാലം നിർമിച്ചത്. ട്രെയിനുകൾക്ക് പോകാനുള്ള പാലവും മറ്റ് വാഹനങ്ങൾക്കായുള്ള പാലവും ഉണ്ടെങ്കിലും റെയില്‍പാലത്തെയാണ് പാമ്പൻപാലമെന്ന് വിളിക്കുന്നത്.
READ MORE:നൂറ്റാണ്ടിന്‍റെ ചരിത്രം തിരയടിക്കുന്ന പാമ്പൻ പാലം: ഇത് ശരിക്കും എൻജിനീയറിങ് വിസ്‌മയം