ലഖ്‌നൗ: പാസ്‌പോർട്ടും വിസയുമില്ലാതെ ഇന്ത്യയിൽ അനധികൃതമായി താമസിച്ചതിന് ബംഗ്ലാദേശ് യുവതി അറസ്‌റ്റിൽ. ഉത്തർപ്രദേശിലെ റാണിപൂരിൽ മൂന്ന് കുട്ടികളോടൊപ്പം താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശി അലി നൂറിന്‍റെ ഭാര്യ റഹിമയാണ് അറസ്‌റ്റിലായത്. അലി നൂറിനെ യുപി പൊലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തതായാണ് പൊലീസിൽ നിന്നുള്ള പ്രാഥമിക വിവരം.
2022 സെപ്‌റ്റംബർ മുതലാണ് തന്‍റെ മൂന്ന് മക്കളോടൊപ്പം യുവതി ദാദുപൂർ ഗ്രാമത്തിൽ വാടകയ്‌ക്ക് താമസം തുടങ്ങിയത്. യുവതിക്ക് പാസ്‌പോർട്ടോ വിസയോ ഇല്ലായിരുന്നു. ഇന്ത്യയിൽ വന്ന വിവരം ലോക്കൽ ഇന്‍റലിജൻസ് യൂണിറ്റിനെയോ പൊലീസിനെയോ അറിയിച്ചിരുന്നില്ല.
യുവതി അനധികൃതമായി രാജ്യത്ത് താമയിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി അറസ്‌റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് എസ്‌പി സ്വതന്ത്ര കുമാർ സിംഗ് പറഞ്ഞു.