കൊല്‍ക്കത്ത: നിത്യേനെ അതിരാവിലെ എഴുന്നേറ്റ് അതിർത്തി കടന്നെത്തി ഇന്ത്യൻ മണ്ണിൽ കൃഷി ചെയ്യുന്നയാളാണ് ബംഗ്ലാദേശുകാരനായ കർഷകന്‍ മുഹമ്മദ് റൂബൽ. പശ്ചിമ ബംഗാളിലെ അതിര്‍ത്തി ഗ്രാമത്തിലെ കൃഷിയിടം പാട്ടത്തിനെടുത്താണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. ഇങ്ങനെ മൂന്ന് ബിഘാസ് ഭൂമി 3,000 രൂപയ്‌ക്ക് പാട്ടത്തിന് എടുത്തിട്ടുണ്ട്. ബംഗ്ലാദേശില്‍ ഒരു ബിഘ എന്നാല്‍ 0.619 ഏക്കറിന് തുല്യമാണ്. എന്നാല്‍, ബംഗാളിൽ ഒരു ബിഘയെന്നത് ഏകദേശം 0.33 ഏക്കറാണ്.
ALSO READ| പാസ്‌പോർട്ടും വിസയും ഇല്ല: രാജ്യത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് യുവതി അറസ്‌റ്റിൽ
ഇന്ത്യയിൽ കൃഷി ചെയ്യാൻ റൂബലിന് പാസ്‌പോർട്ടോ അനുമതിയോ ആവശ്യമില്ല. ഒരു പ്രാദേശിക ഏർപ്പാടെന്ന നിലയിലാണ് ഈ രീതി ഇപ്പോഴും തുടരുന്നത്. അദ്ദേഹത്തിന് ഇഷ്‌ടമുള്ളിടത്തോളം ഇന്ത്യയില്‍ കൃഷി തുടരാന്‍ തടസമില്ലെന്നാണ് ബംഗാളിലെ അതിര്‍ത്തിപ്രദേശത്തെ ഭൂവുടമകളുടെ അവകാശവാദം. ഇക്കാര്യം ഈയൊരു കര്‍ഷകനില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ഇന്ത്യയുടെ ഭൂപ്രദേശത്തിനുള്ളില്‍ കന്നുകാലി മേയ്ക്കലും കൃഷിയുമാണ് നൂറുകണക്കിന് ബംഗ്ലാദേശികളാണ് ഉപജീവനം നടത്തുന്നത്.
പ്രാദേശിക രീതിയ്‌ക്ക് തടയിടാനാവാതെ അധികൃതര്‍: ഈ ബംഗ്ലാദേശി പൗരന്മാരിൽ ഭൂരിഭാഗവും ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ ടീസ്റ്റ നദിയ്‌ക്ക് സമീപമാണ് താമസിക്കുന്നത്. ഇന്ത്യന്‍ പൊലീസിന്‍റേയും അതിര്‍ത്തി സുരക്ഷാസേനയുടേയും കണ്‍മുന്‍പിലൂടെയാണ് ഇവര്‍ അതിർത്തി കടക്കുന്നതെങ്കിലും ഇതുവരെ യാതൊരുവിധ നിയമനടപടികളും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികളില്‍ ചിലര്‍ ആരോപിച്ചു. അതേസമയം, ഇവിടുത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പലപ്പോഴായി നടപടികൾ സ്വീകരിച്ചിരുന്നു. എന്നാല്‍, പ്രാദേശികമായി തുടരുന്ന ഈ രീതിയ്‌ക്ക് തടയിടാന്‍ അധികൃതരുടെ നീക്കങ്ങള്‍ക്കായില്ല.
“ഒരു ഇന്ത്യക്കാരനിൽ നിന്ന് എനിക്ക് കുറച്ച് എക്കര്‍ ഭൂമി പാട്ടത്തിന് ലഭിച്ചു. ഞങ്ങളുടെ കരാർ പ്രകാരം, വിളവിന്‍റെ പകുതി ഞാൻ അദ്ദേഹത്തിന് നല്‍കണം. എനിക്ക് ഭൂമിയില്ല. അതുകൊണ്ടാണ് ഞാന്‍ ഇത്തരത്തില്‍ ഭൂമി പാട്ടത്തിനെടുക്കുന്നത്. ഭൂവുടമയ്‌ക്ക് വിളവിന്‍റെ പകുതി നല്‍കണമെങ്കിലും കൃഷി എനിക്ക് ഗുണം ചെയ്യുന്നുണ്ട്''. രാജ്യത്ത് കൃഷി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് മോനിർ പറയുന്നു.
'വിലക്കേര്‍പ്പെടുത്താന്‍ സാങ്കേതിക തടസം': കൂച്ച് ബെഹാറിലെ കുച്‌ലിബാരി പ്രദേശത്തെ ഗോവാർ നദീതീരത്താണ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതലും നടക്കുന്നതെന്ന് ജില്ല ഭരണകൂടം പറയുന്നു. അതിർത്തി ശക്തമല്ലാത്തതും നദിയ്‌ക്ക് ആഴമില്ലാത്തതും ഉപയോഗപ്പെടുത്തിയാണ് ബംഗ്ലാദേശികള്‍ രാജ്യത്തെത്തുന്നത്. ഇവരെ ചെറുക്കാനുള്ള നിരീക്ഷണത്തിന് സാങ്കേതിക തടമുണ്ട്. നദീതീരത്തെ അതിർത്തി നിർണയിക്കുന്നത് പ്രയാസകരമാണെന്നും പ്രാദേശിക ഭരണകൂടം ചൂണ്ടിക്കാട്ടുന്നു.
“ഈ പ്രദേശത്തെ നദിക്ക് ആഴമില്ല. പലയിടങ്ങളിലായി ചെറിയ ദ്വീപുകളുള്ളത് ആളുകള്‍ക്ക് എളുപ്പം എത്താന്‍ സഹായകരമാണ്. അതുകൊണ്ടുതന്നെ അതിര്‍ത്തി കടന്നെത്തുന്നവരെ കൈകാര്യം ചെയ്യുന്നത് ശരിക്കും ബുദ്ധിമുട്ടാണ്” ജില്ല ഭരണകൂടത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം, അതിര്‍ത്തി സുരക്ഷാസേന ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി പ്രദേശവാസിയായ ഗോപാൽ റോയ് രംഗത്തെത്തി.
'രേഖ ചോദിക്കുന്നത് ഇന്ത്യക്കാരോട് മാത്രം': "ഞങ്ങൾക്ക് ഈ പ്രദേശത്ത് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയില്ല. ഇടയ്ക്കിടെ ബിഎസ്‌എഫുകാർ ഞങ്ങളെ പിന്തുടരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഞങ്ങൾക്ക് പലപ്പോഴും രേഖകൾ കാണിക്കേണ്ടി വരുന്നു. എന്നാല്‍, ബംഗ്ലാദേശിൽ നിന്നുള്ള ആളുകളുടെ കാര്യത്തിൽ സാഹചര്യം ഇങ്ങനെയല്ല. അവർ തങ്ങളുടെ കന്നുകാലികളെ മേയ്ക്കുന്നു, കൃഷി ചെയ്യുന്നു. ഇതൊക്കെ ചെയ്‌തിട്ടും അവര്‍ക്കൊരു കുഴപ്പവും സംഭവിക്കുന്നില്ല''- ഗോപാൽ റോയ് ഇടിവി ഭാരത് പ്രതിനിധിയോട് വ്യക്തമാക്കി.
"എന്തുകൊണ്ടാണ് രാജ്യത്തെ ജനങ്ങള്‍ അസമത്വം നേരിടുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. നമ്മുടെ കർഷകർ ഇക്കാര്യം ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. ശക്തമായ നടപടി ആവശ്യപ്പെട്ടിട്ടുമുണ്ട്." ജില്ല കൗൺസിൽ അംഗം ഫുല്‍തി റോയ് പറയുന്നു. അതേസമയം, ഇന്ത്യൻ കർഷകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെഖ്‌ലിഗഞ്ച് പൊലീസ് അടുത്തിടെ ട്രാക്‌ടറുകൾ ഉപയോഗിച്ച് ബംഗ്ലാദേശ് കര്‍ഷകരുടെ നെൽക്കൃഷിയുടെ ഭൂരിഭാഗവും നശിപ്പിച്ചിരുന്നു.
"ബംഗ്ലാദേശി കർഷകർ നടത്തിയ മുഴുവൻ കൃഷിയും ഞങ്ങൾ നശിപ്പിച്ചിരുന്നു. എന്നാല്‍, ഇത് വീണ്ടും ആരംഭിച്ചതായാണ് വിവരം. തുടര്‍ന്നും എന്തെങ്കിലും തരത്തിലുള്ള പരാതികള്‍ ലഭിച്ചാൽ ഞങ്ങൾ വീണ്ടും നടപടിയെടുക്കും" മെഖ്‌ലിഗഞ്ച് ബ്ലോക്ക് വികസന ഓഫിസര്‍ അരുൺ കുമാർ സാമന്ത് ചൂണ്ടിക്കാട്ടി.