അഗർതല (ത്രിപുര) : ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് ബംഗ്ലാദേശി കൗമാരക്കാരനെ സുരക്ഷാസേന പിടികൂടി. ഇരു രാജ്യങ്ങളും തമ്മിലുള്ള അന്താരാഷ്‌ട്ര അതിർത്തി അടയാളപ്പെടുത്തുന്ന ഷാൽദാ നദിക്ക് സമീപത്തെ ബംഗ്ലാദേശ് ഗ്രാമത്തിലെ താമസക്കാരനായ ഇമാൻ ഹൊസൈനെയാണ് ബിഎസ്എഫ് അറസ്റ്റ് ചെയ്‌തത്. ത്രിപുരയിലെ സിപാഹിജാല ജില്ലയില്‍ പ്രവേശിച്ചത് ചോക്ലേറ്റ് വാങ്ങാനാണെന്ന് ഇമാന്‍ പറഞ്ഞു.
ഇന്ത്യന്‍ ഭൂപ്രദേശത്തുള്ള കലംചൗര ഗ്രാമത്തിലെ ഒരു കടയിൽ നിന്ന് ചോക്ലേറ്റ് വാങ്ങാൻ പതിവായി ജലാശയം നീന്തിക്കടന്ന് മുള്ളുവേലിയിലെ ഒരു ദ്വാരത്തിലൂടെ നുഴഞ്ഞ് കൗമാരക്കാരന്‍ ഇന്ത്യയിലെത്തുമായിരുന്നു. ഏപ്രിൽ 13 ന് അത്തരമൊരു യാത്ര നടത്തുന്നതിനിടെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) പിടികൂടുകയായിരുന്നു. കുട്ടിയെ കോടതിയിൽ ഹാജരാക്കി ലോക്കൽ പോലീസിന് കൈമാറി. കൗമാരക്കാരനെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
100 ബംഗ്ലാദേശി ടാക്ക മാത്രമാണ് കുട്ടിയുടെ പക്കൽ നിന്ന് കണ്ടെടുത്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കുട്ടിയെ അന്വേഷിച്ച് കുടുംബത്തിൽ നിന്ന് ആരും ഇതുവരെ ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല. ബംഗ്ലാദേശികൾ പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനോ സാമൂഹിക ചടങ്ങുകളിൽ പങ്കെടുക്കുന്നതിനോ വേണ്ടി പലപ്പോഴും ഇന്ത്യയിലേക്ക് കടക്കാറുണ്ട്.
മനുഷ്യത്വപരമായ കാരണങ്ങളാൽ ബിഎസ്എഫ് അവരെ അവഗണിക്കുകയും കള്ളക്കടത്തും മറ്റ് കുറ്റകൃത്യങ്ങളും നടത്തുന്നവർക്കെതിരെ നടപടിയെടുക്കുകയുമാണ് ബിഎസ്‌എഫ് സാധാരണ ചെയ്യാറ്.