ലുധിയാന : പിതാവിന് ബ്ലാക്ക് ഫംഗസ് വാക്‌സിൻ ലഭ്യമാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് ബെംഗളുരു ഡോക്‌ടറിൽ നിന്നും 3.65 ലക്ഷം രൂപ തട്ടി. ഡോ.മഹേഷ് ആണ് ഓൺലൈൻ തട്ടിപ്പിനിരയായത്. സംഭവം നടന്ന് ആറ് മാസങ്ങൾക്ക് ശേഷം ഡോക്‌ടർ തബാരി പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
ഡോ. മഹേഷ് ലുധിയാന സ്വദേശി രോഹൻ ചൗഹാൻ എന്ന ഡീലറുടെ പക്കൽ തന്‍റെ പിതാവിന്‍റെ ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി 50 ഡോസ് വാക്‌സിനുകൾക്ക് ഓൺലൈൻ ഇടപാടിലൂടെ ഓർഡർ നൽകി. രണ്ട് തവണയായി 3.65 ലക്ഷം രൂപയും നിക്ഷേപിച്ചു. കൃത്യസമയത്ത് പാഴ്‌സല്‍ ഡോക്‌ടറുടെ പക്കൽ എത്തി. എന്നാൽ വാക്‌സിന് പകരം രണ്ട് ജോഡി ചെരുപ്പുകളാണുണ്ടായിരുന്നത്.
Also Read: ലുധിയാന ജില്ല കോടതി സമുച്ചയത്തിൽ സ്‌ഫോടനം: രണ്ട് മരണം
വിലാസം മാറിയാകും ഓർഡർ വന്നതെന്ന് കരുതി ഡീലറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാള്‍ കോളുകൾ നിരസിക്കുകയാണുണ്ടായത്. തുടർന്നാണ് താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് ഡോ. മഹേഷിന് മനസിലായത്. പിതാവ് ബ്ലാക്ക് ഫംഗസ് ബാധിതനായിരുന്നതിനാൽ അടിയന്തരമായി വാക്‌സിൻ ആവശ്യമായതിനാലാണ് രോഹൻ ചൗഹാനുമായി ഡോ. മഹേഷ് ഇടപാട് നടത്തിയത്.
ഡീലറുടെ അക്കൗണ്ടിലേക്ക് 10,000 രൂപ അഡ്വാൻസായി നൽകുകയും ചെയ്‌തു. തുടർന്ന് ഡീലർ ചിത്രങ്ങളും ബില്ലും പാഴ്‌സലിന്‍റെ മറ്റ് വിശദാംശങ്ങളും അയച്ചുകൊടുത്തു. തുടർന്ന് ബാക്കി തുക കൂടി മഹേഷ് ഡീലറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. അതേസമയം വാക്‌സിന്‍ കിട്ടാതെ മഹേഷിന്‍റെ പിതാവ് അന്തരിക്കുകയും ചെയ്‌തു.
ലുധിയാന സൈബർ സെൽ സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ച് വരികയാണ്.