ഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ആയിരുന്ന അര്‍ച്ചന ജോഷിയെ സ്ഥാനത്തു നിന്നും നീക്കി. അപകടത്തെ സംബന്ധിച്ച് റെയില്‍വേ സുരക്ഷ കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
സിഗ്‌നലിങ്, ഓപ്പറേഷന്‍സ് വിഭാഗത്തിന് വീഴ്‌ച പറ്റിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടം നടന്ന ബഹനാഗ റെയില്‍വേ സ്റ്റേഷനിലെ സിഗ്‌നലിങ്, ഓപ്പറേഷന്‍സ് വിഭാഗം ജീവനക്കാരാണ് അപകടത്തിന് ഉത്തരവാദികളെന്നും റെയില്‍വേ സുരക്ഷ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാക്കിലെ അറ്റകുറ്റ പണികള്‍ നടത്തിയ ശേഷം പാലിക്കേണ്ട പ്രോട്ടോകോള്‍ പാലിച്ചില്ല എന്നും ട്രെയിന്‍ കടന്നുപോകുന്നതിന് മുന്‍പ് ട്രാക്കില്‍ പാലിക്കേണ്ട സുരക്ഷ ക്രമീകരണങ്ങള്‍ പാലിച്ചില്ല എന്നും സുരക്ഷ കമ്മിഷണര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
നേരത്തെ ജൂണ്‍ 23ന് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ റെയില്‍വേ സ്ഥലം മാറ്റിയിരുന്നു. സിഗ്‌നലിങ്, ഓപ്പറേഷന്‍സ്, സുരക്ഷ എന്നീ വിഭാഗത്തിലെ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. എന്നാല്‍ സാധാരണ ഗതിയില്‍ നടത്തുന്ന സ്ഥലം മാറ്റം മാത്രമാണ് നടത്തിയത് എന്നായിരുന്നു റെയില്‍വേയുടെ വിശദീകരണം.
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്ന് മാറ്റിയ അര്‍ച്ചന ജോഷിയെ കര്‍ണാടകയിലെ യെലഹങ്കയിലുള്ള റയില്‍ വീല്‍ ഫാക്‌ടറി ജനറല്‍ മാനേജരായി നിയമിച്ചു. അര്‍ച്ചനയ്‌ക്ക് പകരമായ അനില്‍ കുമാര്‍ മിശ്ര സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ ചുമതലയേല്‍ക്കും. അതേസമയം ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം നടക്കുകയാണ്.
ദുരന്ത ഭൂമിയായി ബാലസോർ: ജൂൺ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിൻ ദുരന്തം നടന്നത്. ഒഡിഷയിലെ ബഹനാഗ ബസാർ പ്രദേശത്ത് ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്, കോറമണ്ഡല്‍ എക്‌സ്‌പ്രസ് എന്നിവ കൂട്ടിയിടിച്ച ശേഷം പാളത്തിലുണ്ടായിരുന്ന ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിലൊന്നായ ബാലസോർ ദുരന്തത്തില്‍ 293 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ആയിരത്തിലധികം പേർക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
അപകടത്തില്‍ മരിച്ചവരില്‍ 81 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ടെന്നാണ് അധികൃതർ നല്‍കുന്ന വിവരം. ഏറ്റവും അവസാനം തിരിച്ചറിഞ്ഞ 29 പേരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ ഒഡിഷ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം, സിഗ്‌നലിങ് സംവിധാനത്തിലെ ഗുരുതരമായ പിഴവുകൾ സംബന്ധിച്ച് നേരത്തെ സൂചനകളുണ്ടായിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഫെബ്രുവരി ഒൻപതിന് റെയില്‍വേ സൗത്ത് വെസ്റ്റേൺ സോൺ ചീഫ് ഓപ്പറേറ്റിങ് മാനേജർ ഇത് സംബന്ധിച്ച് റെയില്‍വേയ്ക്ക് കത്ത് നല്‍കിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സ്റ്റേഷൻ മാസ്റ്റർമാർ, ലോക്കോ പൈലറ്റുമാർ എന്നിവരെ ഇത് സംബന്ധിച്ച് ബോധവത്‌കരിക്കണമെന്നും സിഗ്‌നല്‍ സംവിധാനത്തിലെ പിഴവുകൾ അടിയന്തരമായി പരിഹരിക്കണമെന്നും ചീഫ് ഓപ്പറേറ്റിങ് മാനേജർ നല്‍കിയ കത്തില്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ നടപടികൾ ഒന്നും ഉണ്ടായില്ലെന്നാണ് ബാലസോർ അപകടം നല്‍കുന്ന സൂചന.