ശ്രീകാകുളം(ആന്ധ്രാപ്രദേശ്) : തെരുവ് നായ ആക്രമണത്തില്‍ 18 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ആന്ധ്രപ്രദേശിലെ ശ്രീകാകുളം സ്വദേശികളായ രാംബാബുവിന്‍റെയും രാമലക്ഷ്‌മിയുടെയും മകള്‍ സാത്വികയാണ് മരിച്ചത്. വെള്ളിയാഴ്‌ച വൈകിട്ട് ആറരയോടെയാണ് നടുക്കുന്ന സംഭവം.
വീടിനകത്ത് കളിച്ച് കൊണ്ടിരിക്കെയാണ് തെരുവ് നായയെത്തി കുഞ്ഞിനെ പുറത്തേക്ക് കടിച്ച് വലിച്ച് കൊണ്ടുപോയത്. കുഞ്ഞിനെ കാണാതായതോടെ രാമലക്ഷ്‌മി തെരച്ചില്‍ നടത്തിയപ്പോഴാണ് ഏതാനും മീറ്ററുകള്‍ അകലെ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടത്. ഓടിച്ചെന്നപ്പോഴാണ് നായ കുഞ്ഞിനെ ആക്രമിക്കുന്നത് കണ്ടത്.
നായയെ ഓടിച്ച് കുഞ്ഞിനെയുമെടുത്ത് ഉടന്‍ രാജം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ മരണം സംഭവിക്കുകയായിരുന്നു.