സോനിപത് (ഹരിയാന): ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയുള്ള ലൈംഗിക ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സമിതിയിലെ അംഗത്തിനെതിരെ ആരോപണങ്ങളുമായി ഗുസ്‌തി താരവും അന്വേഷണ കമ്മിറ്റിയിലെ മറ്റൊരു അംഗവുമായ ബബിത ഫോഗട്ട്. കമ്മിറ്റിയിലെ അംഗമായ രാധിക ശ്രീമാന് എതിരെയാണ് ബബിത ഫോഗട്ട് ആരോപണവുമായെത്തിയത്. രാധിക ശ്രീമാന്‍ തന്നോട് മോശമായി പെരുമാറിയെന്നും തന്‍റെ പക്കല്‍ നിന്നും വിഷയത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് തട്ടിയെടുത്തുവെന്നുമാണ് ആരോപണം.
സംഭവത്തില്‍ കമ്മിറ്റി മുമ്പാകെ പരാതി നല്‍കിയെങ്കിലും അത് അവഗണിച്ചതായും ഫോഗട്ട് ആരോപിക്കുന്നു. ഖേൽരത്‌ന അവാർഡ് ജേതാവ് എംസി മേരി കോമാണ് അന്വേഷണ സമിതിയുടെ അധ്യക്ഷ. മേരി കോമിനെ കൂടാതെ ഖേൽരത്‌ന പുരസ്‌കാര ജേതാവ് യോഗേശ്വര് ദത്ത്, ധ്യാൻചന്ദ് പുരസ്‌കാര ജേതാവ് തൃപ്‌തി മുർഗുണ്ടെ, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അംഗം രാധിക ശ്രീമാൻ, രാജേഷ് രാജഗോപാലൻ എന്നിവരും സമിതിയിലെ അംഗങ്ങളാണ്. വിഷയത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക കമ്മിറ്റിയെ നിയമിച്ചപ്പോള്‍ സമരത്തില്‍ പങ്കെടുക്കുന്ന ബജ്‌റംഗ് പുനിയ ഉൾപ്പെടെയുള്ളവര്‍ കമ്മിറ്റി രൂപീകരണത്തെ കുറിച്ച് ചോദ്യങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്നു.
സമരത്തില്‍ പങ്കെടുക്കുന്ന വിനേഷ് ഫോഗട്ട് ബബിത ഫോഗട്ടിന്‍റെ ബന്ധുവാണ്. ഏപ്രില്‍ 23നാണ് ഗുസ്‌തി താരങ്ങള്‍ ന്യൂഡല്‍ഹിയിലെ ജന്ദര്‍ മന്തറില്‍ രണ്ടാമത് സമരം ആരംഭിച്ചത്. ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഏഴ് ഗുസ്‌തി താരങ്ങള്‍ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താത്തതിനെ തുടര്‍ന്നാണ് താരങ്ങള്‍ സമരം നടത്തുന്നത്.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പരാതിയുമായി സമരം നേരത്തെയും: ഗുസ്‌തി ഫെഡറേഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ മൂന്ന് മാസം മുമ്പും താരങ്ങള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ലൈംഗിക പീഡന പരാതികള്‍ ഉള്‍പ്പെടെയുള്ള പരാതിയെ തുടര്‍ന്ന് അന്വേഷണം നടക്കാത്തതില്‍ പ്രതിഷേധിച്ചാണ് അന്നും താരങ്ങള്‍ സമരം നടത്തിയത്. ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരാണ് സമരത്തിന് താരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
നേരത്തെ നടത്തിയ സമരത്തെ തുടര്‍ന്ന് അന്വേഷണത്തിന് രൂപീകരിച്ച കമ്മിറ്റിയുടെ ഭാഗത്ത് നിന്നും യാതൊരു വിധ നടപടിയും ഉണ്ടാകാത്ത സാഹചര്യമാണ് താരങ്ങളെ വീണ്ടും സമരമുഖത്തേക്ക് നയിച്ചത്.
ബബിത ഫോഗട്ട് അന്വേഷണ കമ്മിറ്റി അംഗമായത്: ഡബ്ല്യൂഎഫ്ഐ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ കമ്മിറ്റിയിലേക്ക് ഇക്കഴിഞ്ഞ ജനുവരിയിലാണ് ബബിത ഫോഗട്ടിനെ നിയമിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവാണ് ബബിത ഫോഗട്ട്. അന്വേഷണത്തിനായി ചുമതലപ്പെടുത്തിയ സംഘത്തിലെ ആറാമത്തെ അംഗമാണ് ബബിത ഫോഗട്ട്.
താരങ്ങളുടെ ആരോപണങ്ങളും ബ്രിജ് ഭൂഷണിന്‍റെ നിരസിക്കലും: ഡബ്ല്യൂഎഫ്ഐയുടെ പ്രസിഡന്‍റ് സ്‌ത്രീകളോട് മോശമായി പെരുമാറുന്നയാളാണെന്നും 2020 ടോക്കിയോ ഒളിമ്പിക്‌സിലെ തോല്‍വിക്ക് ശേഷം ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് സ്‌ത്രീകളെ ലൈംഗിക അതിക്രമത്തിന് വിധേയരാക്കിയിട്ടുണ്ടെന്നാണ് താരങ്ങളുടെ പരാതി. എന്നാല്‍ തനിക്കെതിരെ ഉന്നയിച്ച് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ വാദം. തനിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങളുണ്ടായിട്ടും എന്തുകൊണ്ട് താരങ്ങള്‍ നേരത്തെ പരാതിയുമായി എത്തിയില്ലെന്നുമാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ചോദിക്കുന്നത്.