അഹമ്മദാബാദ്: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ഇതുവരെ 1,500 കോടിയിലധികം രൂപ സംഭാവനയായി ലഭിച്ചതായി ക്ഷേത്ര നിർമാണ ട്രസ്റ്റിന്‍റെ ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി മഹാരാജ് അറിയിച്ചു. ഫെബ്രുവരി 11 വൈകുന്നേരം വരെ വരെയുള്ള കണക്കുകൾ പ്രകാരം 1,511 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. നിർമാണത്തിന്‍റെ ചെലവ് നേരത്തെ പുറത്തു വിട്ടിരുന്നെങ്കിലും ക്ഷേത്രത്തിന്‍റെ ചുറ്റുമുള്ള സ്ഥലം ഏറ്റെടുക്കുമ്പോൾ മൊത്തം തുകയിൽ വ്യത്യാസം വരുമെന്നും ട്രഷറർ അറിയിച്ചു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്‍റെ നിർമാണത്തിന്‍റെ ആരംഭം കുറിച്ചുകൊണ്ട് ഭൂമി പൂജ നടത്തിയത്. ക്ഷേത്രം നിർമാണത്തിന് പണം കണ്ടെത്താനായി ജനുവരി 15 ന് ട്രസ്റ്റ് രാജ്യത്തുടനീളം ഒരു മാസത്തെ ബഹുജന സമ്പർക്ക പരിപാടിയും ആരംഭിച്ചിരുന്നു. വിശ്വഹിന്ദു പരിക്ഷത്ത് ആണ് ക്ഷേത്ര നിർമാണത്തിന് നേതൃത്വം നൽകുന്നത്.