ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലും നീമുച്ചിലും ശേഖരിച്ച ചിക്കൻ സാമ്പിളുകളിൽ പക്ഷിപ്പനി വൈറസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ലാബിൽ നടത്തിയ പരിശോധനയിലാണ് സാമ്പിളുകളിൽ എച്ച് 5 എൻ 8 വൈറസ് കണ്ടെത്തിയത്. കോഴികൾക്കിടയിൽ പക്ഷിപ്പനി ബാധ കണ്ടെത്തിയതിനെത്തുടർന്ന് നീമുച്ച്, ഇൻഡോർ ജില്ലകളിലെ കോഴിക്കടകള്‍ അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലകളിലുടനീളം നിരവധി കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പക്ഷിപ്പനി മൂലം ഉണ്ടാകുന്ന ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാൻ ജാഗ്രത പാലിക്കാൻ എല്ലാ ജില്ലാ കലക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
പരിഭ്രാന്തരാകേണ്ട ആവശ്യമില്ല: മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍
സംസ്ഥാനത്ത് വൈറസ് പടരാതിരിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. അടുത്ത 10 ദിവസത്തേക്ക് കേരളത്തിൽ നിന്നും മറ്റ് തെക്കൻ സംസ്ഥാനങ്ങളിൽ നിന്നും ചിക്കൻ ഇറക്കുമതി ചെയ്യുന്നത് സർക്കാർ നിരോധിച്ചു. കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മാത്രമാണ് ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നതെന്നും എല്ലാ സംസ്ഥാനങ്ങളും പ്രതിസന്ധിയെ നേരിടാൻ തയ്യാറാകണമെന്നും കേന്ദ്രം അറിയിച്ചു.
നേരത്തെ ഇൻഡോറിൽ കാക്കകള്‍ ചത്തതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുശേഷം അഗർ മാൽവയിലെ മന്ദ്‌സൗറിലെ എട്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഡിസംബർ 23 മുതൽ സംസ്ഥാനത്ത് 400 ലധികം പക്ഷികൾ ചത്തു. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ-സെക്യൂരിറ്റി അനിമൽ ഡിസീസസ് (നിഹാസാദ്) ഇൻഡോർ, നീമുച്ച്, ദേവാസ്, ഉജ്ജൈൻ, ഖണ്ട്വ, ഖാർഗോൺ, ഗുണ എന്നീ ജില്ലകളിൽ നിന്നുള്ള കാക്കകളുടെ സാമ്പിളുകളിലും പക്ഷിപ്പനി വൈറസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു.