ന്യൂഡൽഹി : കുട്ടികൾക്ക് കൊവിഡ് വാക്‌സിന്‍ നൽകുന്ന തീരുമാനം നാഴികക്കല്ലാണെന്ന് എയിംസ് മേധാവി ഡോക്‌ടർ രൺദീപ് ഗുലേറിയ. കുട്ടികളെ വാക്‌സിനേറ്റ് ചെയ്യുന്നതിലൂടെ സ്‌കൂളുകൾ വീണ്ടും തുറക്കാനാകുമെന്നും വീടുകൾക്ക് പുറത്ത് നടക്കുന്ന പ്രവർത്തനങ്ങളിൽ അവര്‍ക്ക് വീണ്ടും പങ്കെടുക്കാനാകുമെന്നും എയിംസ് മേധാവി അറിയിച്ചു.
രണ്ട് വയസ് മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് കൊവാക്‌സിന്‍റെ രണ്ടും മൂന്നും ക്ലിനിക്കൽ പരീക്ഷണം സെപ്‌റ്റംബർ മാസത്തോടെ പൂർത്തിയാക്കും. ഡ്രഗ് കൺട്രോളറുടെ അനുമതി ലഭിച്ചാൽ സെപ്‌റ്റംബറോടെ കുട്ടികൾക്ക് നൽകിത്തുടങ്ങും.
സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിന് വാക്‌സിനേഷൻ പ്രധാന പങ്കുവഹിക്കും. മഹാമാരിയെ നേരിടാൻ വാക്‌സിനേഷനല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ല. കൊവാക്‌സിന് മുന്നോടിയായി ഫൈസറിന് അനുമതി ലഭിച്ചാൽ കുട്ടികൾക്കുള്ള വാക്‌സിന് മറ്റൊരു ഓപ്‌ഷൻ കൂടിയാകുമെന്നും ഗുലേറിയ അഭിപ്രായപ്പെട്ടു.
സൈകൊവ്-ഡി വാക്‌സിൻ
അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ സൈകൊവ്-ഡി യുടെ അടിയന്തര ഉപയോഗ അനുമതിക്കായി കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന വാക്‌സിനാണ് സൈകൊവ്-ഡി എന്നാണ് കമ്പനിയുടെ അവകാശവാദം.
READ MORE: കുട്ടികളിലെ കൊവാക്‌സിൻ ട്രയലുകൾക്കായി സ്ക്രീനിംഗ് ആരംഭിക്കാൻ ഡൽഹി എയിംസ്
കൊറോണ വൈറസിനെതിരെ വികസിപ്പിച്ചെടുത്ത ലോകത്തെ ആദ്യത്തെ ഡിഎൻഎ വാക്സിനായ സൈകൊവ്-ഡി അടിയന്തര ഉപയോഗ അംഗീകാരത്തിനായി അപേക്ഷിക്കുന്ന രണ്ടാമത്തെ തദ്ദേശീയ കൊവിഡ് വാക്സിനാണ്.
വൈറസിന്‍റെ ഡിഎൻഎ കണ്ടെത്തി ആന്‍റിബോഡി ഉത്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. വാക്‌സിന്‍റെ മൂന്നാം ഘട്ട ട്രയലിൽ 28,000 സന്നദ്ധരായ ആളുകളെ ചേർത്തിട്ടുണ്ടെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ പോൾ അഭിപ്രായപ്പെട്ടിരുന്നു.