കൊൽക്കത്ത: സുഭാഷ് ചന്ദ്ര ബോസിനെ വിസ്‌മരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാൽ നേതാജിയുടെ സംഭാവനകളെ ഒരിക്കലും മറക്കാനാകില്ലെന്നും ബോസ് നല്ലൊരു ഭരണാധികാരിയായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. നേതാജിയുടെ 125-ാം ജന്മ വാർഷികം ആഘോഷിക്കുകയാണ് കേന്ദ്ര സർക്കാരെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിലെ നാഷണല്‍ ലൈബ്രറിയിൽ നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
പശ്ചിമ ബംഗാളിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തുകയാണ് അമിത് ഷാ. യുവാക്കൾ നേതാജിയുടെ ജീവിതവും ആശയങ്ങളും പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതാജി ഒരു കരിയറിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ ആസാദ് ഹിന്ദ് ഫൗജിന്‍റെ മഹത്തായ ചരിത്രം ഇന്ന് ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.