ഹൈദരബാദ് : തെലങ്കാന തൊഴിൽ വകുപ്പ് മന്ത്രി മല്ലറെഡ്ഡിയുടെ വാഹനത്തിന് നേരെ ആക്രമണം. മേഡ്‌ചൽ ജില്ലയിലെ ഘട്‌കേസറിൽ ഞായറാഴ്‌ച രാത്രിയാണ് സംഭവം. റെഡ്ഡീസ് യൂണിയൻ മീറ്റിങ്ങിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് കോണ്‍ഗ്രസ്, ബിജെപി പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു.
വിവിധ പാർട്ടി നേതാക്കളും പ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ ടിആർഎസ് സർക്കാർ നടപ്പാക്കുന്ന ക്ഷേമപദ്ധതികൾ മന്ത്രി പരാമർശിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പരാമർശത്തിൽ പ്രകോപിതരായ കോണ്‍ഗ്രസ്,ബിജെപി നേതാക്കള്‍ മന്ത്രിയുടെ പ്രസംഗം തടഞ്ഞു. ഇതോടെ മല്ലറെഡ്ഡി വേദി വിട്ട് വാഹനത്തിൽ കയറി.
തുടർന്ന് പ്രവർത്തകർ വാഹനത്തിന് നേരെ കല്ലുകളും, കസേരകളും എറിയുകയായിരുന്നു. കനത്ത സുരക്ഷയൊരുക്കിയാണ് പൊലീസ് മന്ത്രിയെ പുറത്തെത്തിച്ചത്.