ജയ്‌പൂര്‍ : രാജസ്ഥാനില്‍ പൊലീസുകാരുടെ കണ്ണുകളില്‍ മുളകുപൊടി വിതറി കൊലക്കേസ് പ്രതികളായ രണ്ട് പേര്‍ക്ക് നേരെ അജ്ഞാത സംഘം വെടിയുതിര്‍ത്തു. പ്രതികളിലൊരാള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. 2022ല്‍ നടന്ന ഒരു കൊലപാതക കേസിലെ പ്രതിയായ കുല്‍ദീപ് ജഗീന എന്നയാളാണ് കൊല്ലപ്പെട്ടത്.
വാഹനത്തിലുണ്ടായിരുന്ന, ഇതേ കേസിലെ മറ്റൊരു പ്രതിയായ വിജയ്‌പാലിനും വെടിവയ്‌പ്പില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭരത്‌പൂരില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പ്രതികള്‍ക്ക് വെടിയേറ്റത്. പൊലീസ് വാഹനം തടഞ്ഞ് നിര്‍ത്തിയ അജ്ഞാത സംഘം മുളകുപൊടി വിതറിയ ശേഷം പ്രതിയെ വെടിവച്ചിടുകയായിരുന്നു.
ഭരത്‌പൂരിലെ ഹലീന പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കാറിലും ബൈക്കുകളിലുമായെത്തിയ 12 ഓളം പേര്‍ പൊലീസ് വാഹനം തടയുകയും ഉദ്യോഗസ്ഥര്‍ക്കുനേരെ മുളകുപൊടി വിതറി മര്‍ദ്ദിക്കുകയും ചെയ്‌തു. തുടര്‍ന്ന് പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഹെഡ് കോണ്‍സ്റ്റബിളിന്‍റെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് പൊലീസ് വാഹനത്തിലുണ്ടായിരുന്നതെന്ന് ഭരത്‌പൂര്‍ എസ്‌പി മൃദുല്‍ കച്ചവ പറഞ്ഞു. സംഭവത്തിന് പിന്നാലെ രണ്ട് പ്രതികളെയും ഭരത്‌പൂരിലെ ആര്‍ബിഎം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. പരിശോധന നടത്തിയ ഡോക്‌ടര്‍മാര്‍ ജഗീനയുടെ മരണം സ്ഥിരീകരിച്ചു.
അന്വേഷണം കടുപ്പിച്ച് പൊലീസ് : കൊലക്കേസ് പ്രതികള്‍ക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഈര്‍ജിതമാക്കി. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ചിലരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നാലെ ദൗസ ഉള്‍പ്പടെയുള്ള സമീപ ജില്ലകളില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കുകയും ജാഗ്രതാനിര്‍ദേശം നല്‍കുകയും ചെയ്‌തിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന ഹൈവേകളിലെല്ലാം തീവ്ര പരിശോധന തുടരുകയാണെന്നും കമ്മിഷണര്‍ രാഹുല്‍ പ്രകാശ് പറഞ്ഞു.
പൊലീസിനെതിരെ രോഷം : കൊലക്കേസ് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിടെയുണ്ടായ സംഭവത്തിന് പിന്നാലെ വിവിധ കോണുകളില്‍ നിന്ന് സുരക്ഷാവീഴ്‌ചയില്‍ പൊലീസിനെതിരെ പ്രതിഷേധം ഉയര്‍ന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് കമ്മിഷണര്‍ മറുപടി നല്‍കിയത് ഇങ്ങനെ. 'ആക്രമണത്തെ കുറിച്ച് വിശദമായി അന്വേഷിക്കും.പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്‌ചയുണ്ടായതായി കണ്ടെത്തിയാല്‍ തീര്‍ച്ചയായും നടപടി സ്വീകരിക്കും'.
also read: TJ Joseph hand-chopping case അധ്യാപകന്‍റെ കൈവെട്ടിയ കേസ്: ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്കിടെ ഭരത്പൂരില്‍ കൃപാല്‍ ജഗീന എന്നയാള്‍ അക്രമികളുടെ വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ നാലിനായിരുന്നു സംഭവം. കേസില്‍ ജഗീനയ്‌ക്കും വിജയ്‌പാലിനും പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. മഹാരാഷ്‌ട്ര സ്വദേശികളായ മറ്റ് നാലുപേരും കേസില്‍ ഇയാള്‍ക്കൊപ്പം അറസ്റ്റിലായിരുന്നു.