ലഖ്‌നൗ : ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്‍റെ പരാമർശങ്ങൾ വേദനിപ്പിച്ചതിനാലാണ് ആക്രമിച്ചതെന്ന് പിടിയിലായ പ്രതികള്‍. സ്‌പെഷ്യൽ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് (ക്രമസമാധാനം) പ്രശാന്ത് കുമാറാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങള്‍ക്ക് മുന്‍പാകെ പുറത്തുവിട്ടത്. 'അനുചിതമായ പരാമർശങ്ങള്‍' ചന്ദ്രശേഖർ ആസാദിന്‍റെ ഭാഗത്തുനിന്നും ഉണ്ടായതിനാല്‍ തങ്ങള്‍ അസ്വസ്ഥരായിരുന്നെന്നും ഇതിനാലാണ് ആക്രമണം നടത്തിയതെന്നും പ്രതികള്‍ വ്യക്തമാക്കിയതായി ഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു.
ജൂണ്‍ 28ന് രാത്രിയാണ് കാറിലെത്തിയ അജ്ഞാത സംഘം ഭീം ആര്‍മി സ്ഥാപകന്‍ ചന്ദ്രശേഖര്‍ ആസാദിന് നേരെ വെടിയുതിര്‍ത്തതും അദ്ദേഹത്തിന് വയറിന് പരിക്കേറ്റതും. പ്രതികളായ നാലുപേരെയും ശനിയാഴ്‌ച (ജൂലൈ ഒന്ന്) ഹരിയാനയിലെ അംബാലയിൽ നിന്നാണ് അറസ്റ്റ് ചെയ്‌തത്. വികാസ് എന്ന വിക്കി, പ്രശാന്ത്, ലാവിഷ് എന്നിങ്ങനെയാണ് പിടിയിലായ പ്രതികളുടെ പേരുകള്‍. എല്ലാവരും ദേവ്ബന്ദിലെ രൻഖണ്ഡി സ്വദേശികളാണ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് നാടൻ പിസ്റ്റളുകളും മറ്റ് ആയുധങ്ങളും പ്രതികളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ALSO READ | Chandrashekhar Azad | ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വെടിയേറ്റു ; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
വെടിയേറ്റത് വയറിന്: ഒരു അനുയായിയുടെ വീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആസാദിന് നേര്‍ക്ക് ആക്രമണമുണ്ടായത്. ചന്ദ്രശേഖര്‍ ആസാദ് സഞ്ചരിച്ച എസ്‌യുവിക്ക് സമീപത്ത് കാറുമായെത്തിയ അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു. നാല് റൗണ്ട് വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ ഉടനെ രക്ഷപ്പെട്ടു. പൊടുന്നനെയുണ്ടായ ആക്രമണത്തില്‍നിന്ന് കഷ്‌ടിച്ചാണ് ആസാദ് ജീവിതത്തിലേക്ക് തിരിച്ചുകയറിയത്. വെടിയുണ്ടകളിലൊന്ന് അദ്ദേഹത്തിന്‍റെ വയറ്റില്‍ തറച്ചുകയറുകയായിരുന്നു. ഉടന്‍തന്നെ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റിയതാണ് അപകടമൊഴിവാക്കിയത്.
ചന്ദ്രശേഖര്‍ ആസാദിനെ സന്ദര്‍ശിച്ച് ഗുസ്‌തി താരങ്ങള്‍ : ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചന്ദ്രശേഖര്‍ ആസാദിനെ കാണാന്‍ ഗുസ്‌തി താരങ്ങളെത്തിയിരുന്നു. ജൂണ്‍ 29ന് സാക്ഷി മാലിക്കും ബജ്രംഗ് പുനിയയുമാണ് എത്തിയത്. ചന്ദ്രശേഖര്‍ ആസാദിന് നേരെയുണ്ടായ അക്രമത്തെ ഇരുവരും അപലപിച്ചു. അക്രമികളെ എത്രയും വേഗം പിടികൂടി ശിക്ഷ നല്‍കണമെന്ന് ഗുസ്‌തി താരങ്ങള്‍ അന്ന് ആവശ്യപ്പെട്ടിരുന്നു.
സമൂഹ പരിഷ്‌കരണത്തിന് വേണ്ടി നിലകൊള്ളുന്ന നേതാവാണ് ചന്ദ്രശേഖര്‍ ആസാദെന്നും അദ്ദേഹത്തിനെതിരായ ആക്രമണത്തെ ജാതിയുമായി ബന്ധപ്പെടുത്തി കാണുന്നത് നിന്ദ്യമാണെന്നും സന്ദര്‍ശനത്തിന് ശേഷം ബജ്രംഗ് പുനിയ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന് പിന്നില്‍ എന്താണെന്ന് അറിയില്ലെന്നും പക്ഷേ, ചന്ദ്രശേഖര്‍ ആസാദിന് നേരെ നടന്ന ആക്രമണം തെറ്റാണെന്നും സാക്ഷി മാലിക്കും പ്രതികരിച്ചു.
സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കള്‍ ആസാദിനെതിരായ ആക്രമണത്തെ അപലപിച്ചിരുന്നു. ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന ചന്ദ്രശേഖര്‍ ആസാദിനെ സന്ദര്‍ശിക്കാൻ നിരവധി പ്രതിപക്ഷ നേതാക്കളാണ് സഹാറന്‍പൂരിലെത്തിയത്.