ലക്‌നൗ: ഗോരഖ്‌പൂർ ക്ഷേത്ര ആക്രമണ കേസ് പ്രതി അഹ്മദ് മുർതാസ അബ്ബാസിയെ ഏഴ് ദിവസത്തെ എടിഎസ് (ആന്‍റി ടെറിസ്റ്റ് ഗ്രൂപ്പ്) കസ്റ്റഡിയിൽ വിട്ടു. എപ്രിൽ 26 മുതൽ മെയ് 3 വരെയാണ് കസ്‌റ്റഡി കാലാവധി. ഗോരഖ്‌പൂർ പ്രത്യേക കോടതിയുടെതാണ് വിധി.
നേരത്തെ മുർതാസയെ ഏപ്രിൽ 30 വരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. എന്നാൽ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പടെ മുർതാസയുടെ കൈയിൽ നിന്ന് കണ്ടെടുത്ത സാഹചര്യത്തിൽ ഇയാളെ കൂടുതൽ ചോദ്യം ചെയ്യണമെന്ന് അവശ്യപ്പെട്ട് എടിഎസ് കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് പ്രത്യേക കോടതി ഏഴ് ദിവസത്തെ കസ്‌റ്റഡി അനുവദിച്ചത്.
ഐഐടി ബിരുദധാരിയായ അബ്ബാസി ഏപ്രിൽ 3നാണ് ഗോരഖ്‌പൂർ ക്ഷേത്രപരിസരത്ത് പ്രവേശിച്ച് സുരക്ഷ ഉദ്യോഗസ്ഥരെ വാളുകൊണ്ട് ആക്രമിച്ചത്. ആക്രമണത്തിൽ രണ്ട് പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റബുലറി (പിഎസി) കോൺസ്റ്റബിൾമാർക്ക് പരിക്കേറ്റിരുന്നു. പ്രതിയെ യുഎപിഎ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.