ഭരത്പൂർ : രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ എടിഎം മെഷീൻ അപ്പാടെ മോഷ്‌ടിച്ചു. സേവർ ടൗണിൽ ചൊവ്വാഴ്‌ചയാണ് സംഭവം. 97,000 രൂപ അടങ്ങിയ ഇൻഡികാഷ് എടിഎമ്മാണ് അജ്ഞാതസംഘം കടത്തിക്കൊണ്ടുപോയത്.
എടിഎം മെഷീന്‍റെ ബോൾട്ടുകൾ ഊരിമാറ്റിയ ശേഷം യന്ത്രം വാഹനത്തിൽ കയറ്റിക്കൊണ്ടുപോയതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. ബുധനാഴ്‌ച പുലർച്ചെ ഇതുവഴി പട്രോളിങ് നടത്തുന്ന പൊലീസ് സംഘമാണ് എടിഎം മെഷീൻ മോഷ്‌ടിക്കപ്പെട്ടതായി കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ ഒന്നിലധികം ആളുകളുണ്ടാകുമെന്നാണ് നിഗമനം. ജില്ലയിലുടനീളം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
സേവർ പഞ്ചായത്ത് സമിതി കെട്ടിടത്തിന് സമീപം സ്ഥിതി ചെയ്യുന്ന, ഇൻഡികാഷ് കമ്പനിയുടെ കൗണ്ടറിലെ എടിഎം മെഷീനാണ് മോഷ്ടാക്കള്‍ കവര്‍ന്നതെന്ന് സ്റ്റേഷൻ ഇൻചാർജ് അരുൺ ചൗധരി പറഞ്ഞു. തകരാറിലായ ഒരു എടിഎം മെഷീന്‍ കൗണ്ടറിൽ ഉണ്ടായിരുന്നു. എന്നാൽ അത് കവർച്ചാസംഘം കൊണ്ടുപോയിട്ടില്ലെന്നും എസ്എച്ച്ഒ അരുൺ ചൗധരി അറിയിച്ചു. സ്വകാര്യ കമ്പനിയുടെ എടിഎമ്മിൽ സുരക്ഷാജീവനക്കാരനോ സിസിടിവിയോ ഉണ്ടായിരുന്നില്ല. അതിനാൽ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
ഇതുവരെ സംഭവവുമായി ബന്ധമുള്ള ദൃശ്യങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ല. മുൻകാലങ്ങളിൽ ജില്ലയിലെ രൂപ്‌വാസ്, വൈർ പ്രദേശങ്ങളിലും എടിഎമ്മുകൾ ഇത്തരത്തിൽ കടത്തിക്കൊണ്ടുപോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ കേസുകളുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
എടിഎം മോഷ്‌ടിക്കാൻ ശ്രമിച്ചു, പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു : ജെസിബി കൊണ്ട് കെട്ടിടം തകർത്ത് എടിഎം മോഷ്‌ടിക്കാൻ ശ്രമിച്ച് യുവാവ്. മോഷണശ്രമത്തിനിടെ പൊലീസ് എത്തിയതോടെ ജെസിബി ഉപേക്ഷിച്ച് മോഷ്‌ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. കർണാടകയിലെ ശിവമോഗ വിനോബ നഗറിൽ ആക്‌സിസ് ബാങ്ക് എടിഎമ്മിലാണ് സംഭവം. ചൊവ്വാഴ്‌ച രാത്രിയാണ് മോഷണ ശ്രമം ഉണ്ടായത്.
എടിഎമ്മിന് അടുത്തുള്ള പെട്രോൾ പമ്പിൽ പാർക്ക് ചെയ്‌തിരുന്ന ജെസിബി മോഷ്‌ടിച്ചാണ് കള്ളൻ എംടിഎം കവർച്ച നടത്താനെത്തിയത്. തുടർന്ന് ജെസിബി ഉപയോഗിച്ച് എടിഎം കെട്ടിടത്തിന്‍റെ മുൻവശത്തെ ചില്ല് തകർക്കുകയായിരുന്നു. എന്നാൽ എടിഎം മെഷീൻ നിലത്ത് നിന്ന് ഉയർത്താന്‍ സാധിക്കാഞ്ഞതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതിനിടെയാണ് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം അവിടേക്കെത്തിയത്. പൊലീസിനെ കണ്ട മോഷ്‌ടാവ് ഉടൻ തന്നെ ജെസിബി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
Read more : ATM Theft | എടിഎം കൊള്ളയടിക്കാൻ മോഷ്‌ടിച്ച ജെസിബിയുമായി എത്തി, പൊലീസിനെ കണ്ടതോടെ മോഷ്‌ടാവ് ഓടി രക്ഷപ്പെട്ടു
എടിഎമ്മുകൾ കുത്തിത്തുറന്ന് 75 ലക്ഷം കവർന്നു : തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലെ മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപമുള്ള എസ്ബിഐയുടെ മൂന്ന് എടിഎം മെഷീനും വണ്‍ ഇന്ത്യയുടെ എടിഎമ്മും കുത്തിത്തുറന്ന് 75 ലക്ഷം രൂപ കവര്‍ന്ന സംഭവം ഇക്കഴിഞ്ഞ ഫെബ്രുവരി 12നാണ് നടന്നത്. മോഷണത്തിന് ശേഷം മോഷ്‌ടാക്കള്‍ എടിഎമ്മിനും സിസിടിവിക്കും തീയിട്ടു. ഇതോടെ വിരലടയാളവും മറ്റ് തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞില്ല.
സംഘമായി എത്തിയാണ് മോഷണം നടത്തിയിട്ടുള്ളത്. സംഭവത്തില്‍ തിരുവണ്ണാമലൈ ജില്ലയ്‌ക്ക് മാത്രമായി അഞ്ച് പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം. ജില്ലയ്ക്ക് പുറത്തുള്ള പൊലീസ് ഡിപ്പാര്‍ട്‌മെന്‍റും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. സമാനമായ ഇത്തരം മോഷണം മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലും നടന്നിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.