ലക്‌നൗ: ഗുണ്ട - രാഷ്‌ട്രീയ നേതാവ് ആതിഖ് അഹമ്മദിനെയും ഇളയ സഹോദരൻ ഖാലിദ് അസീം എന്ന അഷറഫിനേയും പ്രയാഗ്‌രാജ് പൊലീസ് വ്യാഴാഴ്‌ച കസ്‌റ്റഡിയിൽ എടുത്തു. നൈനി സെൻട്രൽ ജയിലിൽ നിന്ന് മാഫിയ സഹോദരങ്ങളെ പൊലീസ് നേരിട്ട് ധൂമൻഗഞ്ച് പൊലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. ഉമേഷ് പാൽ വധത്തിന് പുറമെ ഇവർക്ക് പാകിസ്ഥാനുമായുള്ള ബന്ധത്തെ കുറിച്ചും പൊലീസ് വിശദമായി ചോദ്യം ചെയ്യൽ നടത്തി.
ഇന്നലെ ഉത്തർ പ്രദേശ് പൊലീസിന്‍റെ പ്രത്യേക ദൗത്യ സംഘവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ആതിഖിന്‍റെ മകൻ അസദ് അഹമ്മദ്(20) കൊല്ലപ്പെട്ടിരുന്നു. ഝാൻസിയിൽ നടന്ന ഏറ്റുമുട്ടലിൽ അസദ് അഹമ്മദിനൊപ്പം സഹായി ഗുലാം മുഹമ്മദും കൊല്ലപ്പെട്ടിരുന്നു. ഉമേഷ് പാൽ വധവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുകയായിരുന്ന ആതിഖ് ഇന്നലെ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വിചാരണ നേരിടുന്നതിനിടെയാണ് മകന്‍റെ മരണ വാർത്ത തേടിയെത്തിയത്.
എന്നാൽ വിചാരണക്കൊടുവിൽ ആതിഖ് അഹമ്മദിനെ ഏപ്രിൽ 17 വൈകിട്ട് അഞ്ച് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകാൻ കോടതി ഉത്തരവിട്ടു. ഇന്നലെ(13.04.2023) വൈകിട്ടോടെയാണ് ആതിഖിനെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടുകിട്ടാനുള്ള ഉത്തരവ് കോടതിയിൽ നിന്ന് ലഭിച്ചത്. ഇതേ തുടർന്ന് പൊലീസ് ഇന്നലെ തന്നെ ആതിഖിനെ കസ്‌റ്റഡിയിൽ എടുത്ത് ജയിലിലേയ്‌ക്ക് മാറ്റുകയായിരുന്നു.
മകന്‍റെ മരണവാർത്തയ്‌ക്ക് പിന്നാലെ പൊലീസ് കസ്‌റ്റഡി: ധൂമൻഗഞ്ച് പൊലീസ് സ്റ്റേഷനു സമീപം നിറഞ്ഞ മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ പൊലീസ് തടഞ്ഞിരുന്നു. ബാരിക്കേഡുകൾ വച്ച് പൊലീസ് പൂർണമായും മാധ്യമപ്രവർത്തകരെയും ജനങ്ങളെയും തടഞ്ഞു. ഉമേഷ് പാലിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ചോദിച്ചറിയാനാണ് പൊലീസിന്‍റെ ശ്രമം. മകന്‍റെ വേർപാടിൽ വൈകാരികമായ സാഹചര്യത്തിലും ആതിഖ് അഹമ്മദ് പൊലീസിന്‍റെ ചോദ്യം ചെയ്യൽ നേരിട്ടു.
ഉമേഷ് പാൽ വധക്കേസിൽ അസദിന്‍റെ പങ്ക്: ഇതിന് പുറമെ പാകിസ്ഥാനിൽ നിന്നും മാഫിയ സഹോദരങ്ങൾ കൊണ്ടുവന്ന ആയുധങ്ങളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്. ഉമേഷ് പാൽ വധക്കേസിൽ പൊലീസ് തെരഞ്ഞിരുന്ന കുറ്റവാളിയാണ് അസദ്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ അസദിനായി പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ജേഷ്‌ഠന്മാരുടെ അഭാവത്തിൽ ഗുണ്ട തലവനായി മാറിയ അസദ്, ഫെബ്രുവരി 24 ന് പ്രയാഗ്‌രാജിൽ ഉമേഷ് പാലിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഘത്തിന്‍റെ നേതാവ്കൂടിയാണ്. വെടിവയ്‌പ്പുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യത്തിൽ അസദിന്‍റെ മുഖം പതിഞ്ഞിരുന്നതാണ് ഇയാൾ കേസിൽ പ്രതിയാകാൻ കാരണമായത്.
അതേസമയം അസദ് കൊലചെയ്യപ്പെടാൻ ഇടയാക്കിയ ഇന്നലെ നടന്ന ഏറ്റുമുട്ടൽ യഥാർഥമാണോ എന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ അനേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
also read: ഉമേഷ് പാല്‍ വധക്കേസ് : പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട് അതിഖ് അഹമ്മദിന്‍റെ മകൻ അസദ്