ന്യൂഡൽഹി : മന്ത്രി വി ശിവൻകുട്ടി, മുന്‍ മന്ത്രിമാരായ കെ.ടി ജലീൽ, ഇ.പി ജയരാജൻ തുടങ്ങിയവര്‍ ഉൾപ്പെട്ട നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍.
ബാഹ്യ ഇടപെടലുകളില്ലാതെ കേസ് പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ തീരുമാനിച്ചതായി സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. സ്‌പീക്കറുടെ അനുമതിയില്ലാതെ നിയമസഭ സെക്രട്ടറി സമർപ്പിച്ച കേസ് നിലനില്‍ക്കില്ലെന്നുമാണ് വാദം.
സ്റ്റാൻഡിംഗ് കോണ്‍സല്‍ ജി പ്രകാശാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹര്‍ജി നല്‍കിയത്. വി ശിവൻകുട്ടി, കെ.ടി ജലീൽ, ഇ.പി ജയരാജൻ, കെ കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ, കെ അജിത്ത് എന്നിവരെ വിചാരണ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌താണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.
Read more: നിയമസഭ കയ്യാങ്കളി കേസ്; വിചാരണക്കോടതി നടപടി സ്റ്റേ ചെയ്യാതെ ഹൈക്കോടതി
തീരുമാനം പബ്ലിക് പ്രോസിക്യൂട്ടറുടേത്
സിആർപിസി സെക്ഷൻ 321 പ്രകാരം കേസ് പിൻവലിക്കാനുള്ള തീരുമാനം പബ്ലിക് പ്രോസിക്യൂട്ടറുടേതാണെന്നും ഹൈക്കോടതിക്ക് ഈ തീരുമാനത്തില്‍ ഇടപെടാൻ കഴിയില്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബഞ്ച് ചൊവ്വാഴ്‌ച ഹര്‍ജി പരിഗണിക്കും.
അതേസമയം, ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് തന്‍റെ ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീംകോടതിയിൽ ഹർജി നൽകി. കയ്യാങ്കളി കേസ് നിയമസഭയെ അപമാനിക്കുന്നതാണെന്നും അത് പിൻവലിക്കരുതെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
നിയമസഭ കയ്യാങ്കളി കേസ്
2015 ൽ യുഡിഎഫ് സർക്കാരിന്‍റെ ഭരണകാലത്ത് അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണത്തിനിടയിലാണ് നിയമസഭയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി മാറിയ സംഭവം നടക്കുന്നത്. സഭയ്ക്കുള്ളില്‍ അക്രമം നടത്തി രണ്ടര ലക്ഷം രൂപയുടെ നാശനഷ്‌ടം വരുത്തിയെന്നാണ് കേസ്.
Read more: നിയമസഭ കയ്യാങ്കളി കേസ്; കോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി