ന്യൂഡൽഹി: Assembly Election 2022: ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പരമാവധി ഡിജിറ്റലായാണ് തെരെഞ്ഞെടുപ്പ് നടക്കുക.
7 ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് . ഉത്തർപ്രദേശ് ഫെബ്രരുവരി 10 ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കും. രണ്ടാം ഘട്ടം ഫെബ്രരുവരി 14ന് നടക്കും. മൂന്നാം ഘട്ടം ഫെബ്രരുവരി 20ന്, നാലാം ഘട്ടം ഫെബ്രരുവരി 23ന്, അഞ്ചാം ഘട്ടം ഫെബ്രരുവരി 27ന് എന്നിങ്ങനെ നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും, ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. വോട്ടെണ്ണല്‍ മാര്‍ച്ച് 10ന് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
മാർച്ച്, മേയ് മാസങ്ങളിലായി ഈ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി അവസാനിക്കും. സുരക്ഷിതമായി തെരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ നടപടികള്‍ പ്രോല്‍സാഹിപ്പിക്കും. 80 വയസ് കഴിഞ്ഞവര്‍ക്കും കൊവിഡ് ബാധിതര്‍ക്കും തപാല്‍ വോട്ട് ചെയ്യാമെന്നും കമ്മീഷന്‍ അറിയിച്ചു.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിച്ചു. വോട്ടിങ് സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചു. പ്രചാരണം പരമാവധി ഡിജിറ്റല്‍ ആക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലെണ്ണം ബിജെപിയും പഞ്ചാബിൽ കോൺഗ്രസുമാണ് ഭരിക്കുന്നത്. കൊവിഡ് വ്യാപനം കർഷകസമരം, പഞ്ചാബിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിമാരുടെ മാറ്റം തുടങ്ങിയ ഒട്ടേറെ സംഭവ വികാസങ്ങൾക്കിടെയാണ് സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.
കൊവിഡ് നേരിടുന്നതുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് സർക്കാരിന് എതിരെ നിരവധി ആരോപണങ്ങളാണ് നിലനിൽക്കുന്നത്. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് യുപി തിരഞ്ഞെടുപ്പിലേക്ക് പോകുന്നത്.
ബിജെപിയെ സംബന്ധിച്ചിടത്തോളം യുപി തെരഞ്ഞെടുപ്പ് നിർണായകമാണ്. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി എങ്ങനെ പ്രവർത്തിക്കുമെന്നതിന്‍റെ ഉത്തരമാകും യുപി തിരഞ്ഞെടുപ്പ്. കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ നടപടികളുമായി മുന്നോട്ടു പോകാൻ ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളൊന്നും ആവശ്യപ്പെട്ടിട്ടില്ല. ഇതിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിഷൻ അഞ്ച് സംസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിന്‍റെ അടിസ്ഥാനത്തിലും നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയുമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ തീരുമാനത്തിലെത്തിയിരിക്കുന്നത്.
അതേസമയം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി സുസജ്ജമായിരിക്കുകയാണ് രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം. രാജ്യം ഉറ്റു നോക്കുന്ന അതിനിർണായകമായ തെരഞ്ഞെടുപ്പ് കൂടിയാണ് നടക്കാനിരിക്കുന്നത്.