ന്യൂഡൽഹി: വ്യാഴാഴ്‌ച നടന്ന ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ (നവംബർ 6). വിവിധ രാഷ്‌ട്രീയ പാർട്ടികൾ അഭിമാന പോരാട്ടമായി കണക്കാക്കിയ തെലങ്കാനയിലെ മുനുഗൊഡെ, മഹാരാഷ്‌ട്രയിലെ ഈസ്‌റ്റ് അന്ധേരി, ഹരിയാനയിലെ ആദംപുര്‍, യുപിയിലെ ഗൊല ഗോഖര്‍നാഥ്, ഒഡിഷയിലെ ധംനഗര്‍, ബിഹാറിലെ മൊകമ, ഗോപാല്‍ഗഞ്ച് എന്നിവിടങ്ങളിലാണ് വ്യാഴാഴ്‌ച വോട്ടെടുപ്പ് നടന്നത്. ഇതിൽ മൂന്നെണ്ണം ബിജെപിയുടെയും രണ്ട് സീറ്റുകൾ കോൺഗ്രസിന്‍റെയും സിറ്റിങ് സീറ്റുകളാണ്.
ശിവസേനയുടെയും ആർജെഡിയുടെയും സിറ്റിങ് സീറ്റുകളാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് രണ്ട് മണ്ഡലങ്ങൾ. ഇവിടങ്ങളിൽ പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ ശക്തമായി മത്സരരംഗത്തുണ്ട്.
ആദംപൂരിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്‍റെ ചെറുമകൻ ഭവ്യ ബിഷ്‌ണോയ്, മൊകാമയിൽ അനന്ത് സിങ്ങിന്‍റെ അയോഗ്യത മൂലം ആവശ്യമായി വന്ന തെരഞ്ഞെടുപ്പിൽ ആർജെഡി ടിക്കറ്റിൽ മത്സരിക്കുന്ന നീലം ദേവി എന്നിവർ മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാർഥികളിൽ ഉൾപ്പെടുന്നു.
അഗ്നിപരീക്ഷയായി ബിഹാർ: ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ചതിന് ശേഷം നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ജെഡിയു-ആർജെഡി സഖ്യത്തിന്‍റെ ആദ്യ തെരഞ്ഞെടുപ്പ് പരീക്ഷയാണ് മൊകമ, ഗോപാൽഗഞ്ച് ഉപതെരഞ്ഞെടുപ്പുകൾ. മഹാഗഡ്ബന്ധൻ സർക്കാർ രൂപം കൊണ്ട് മൂന്ന് മാസത്തിനുള്ളിൽ നടക്കുന്ന തെരഞ്ഞെടുപ്പായതിനാൽ മൊകമ, ഗോപാൽഗഞ്ച് തെരഞ്ഞെടുപ്പുകൾ ബിജെപിക്കും ജെഡിയു-ആർജെഡി സഖ്യത്തിനും അഗ്നിപരീക്ഷ തന്നെയാണ്. മൊകമയിൽ ആർജെഡിയും ഗോപാൽഗഞ്ചിൽ ബിജെപിയുമായിരുന്നു ഭരണത്തിലുണ്ടായിരുന്നത്.
മൊകമയിൽ ബിജെപി ആദ്യം: മൊകമയിൽ ആദ്യമായാണ് ബിജെപി മത്സരിക്കുന്നത്. മുൻവർഷങ്ങളിൽ സീറ്റ് സഖ്യകക്ഷികൾക്ക് ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. വനിത സ്ഥാനാർഥികളെ നിർത്തിയാണ് ബിജെപിയും ആർജെഡിയും മൊകമയിൽ ജനവിധി തേടുന്നത്. ആർജെഡിയുടെ നീലം ദേവിക്കെതിരെ ബിജെപിയുടെ സോനം ദേവിയാണ് മത്സരരംഗത്ത്. 2005 മുതൽ അനന്ത് സിങ്ങിന്‍റെ ശക്തികേന്ദ്രമാണ് മൊകമ. ജെഡിയു ടിക്കറ്റിൽ അദ്ദേഹം രണ്ടുതവണ മണ്ഡലത്തിൽ നിന്നും വിജയം നുണഞ്ഞിരുന്നു.
അന്തരിച്ച എംഎൽഎ സുഭാഷ് സിങ്ങിന്‍റെ ഭാര്യ കുസും ദേവിയാണ് ഗോപാൽഗഞ്ചിൽ ബിജെപി സ്ഥാനാർഥി. മോഹൻ ഗുപ്‌തയാണ് ആർജെഡി സ്ഥാനാർഥി. ലാലു യാദവിന്‍റെ ഭാര്യാസഹോദരൻ സാധു യാദവിന്‍റെ ഭാര്യ ഇന്ദിര യാദവ് ആണ് ബിഎസ്‌പി സ്ഥാനാർഥി. ബിഹാറിലെ കാവി പാർട്ടിയുടെ പ്രധാന എതിരാളികൾ ആർജെഡി ആണെങ്കിൽ ഹരിയാനയിൽ കോൺഗ്രസ്, ഐഎൻഎൽഡി, ആപ്പ് എന്നീ പാർട്ടികളാണ് ബിജെപിക്ക് എതിരായുള്ളത്.
സീറ്റ് നിലനിർത്താൻ ബിജെപി: തെലങ്കാനയിൽ ടിആർഎസ്, ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി, ഒഡിഷയിൽ ബിജു ജനതാദൾ എന്നിവയാണ് ബിജെപിയ്ക്ക് നേരിടേണ്ടത്. ഉത്തർപ്രദേശിലെ ഗൊല ഗോഖര്‍നാഥ്, ഒഡിഷയിലെ ധംനഗര്‍ എന്നിവിടങ്ങളിൽ ഭരണം നിലനിർത്താനാണ് ബിജെപിയുടെ പ്രധാന ശ്രമം. എംഎൽഎമാരുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് ആവശ്യമായി വന്ന ഇവിടങ്ങളിൽ സഹതാപ വോട്ടുകൾ നേടി സീറ്റ് നിലനിർത്താനാണ് എംഎൽഎമാരുടെ മക്കളെ ബിജെപി രംഗത്തിറക്കിയത്.
ഗൊലയിൽ എസ്‌പി-ബിജെപി പോരാട്ടം: സെപ്റ്റംബർ ആറിന് അന്തരിച്ച ബിജെപി എംഎൽഎ അരവിന്ദ് ഗിരിയുടെ ഒഴിവിലേക്കാണ് ഗൊല ഗോഖർനാഥിൽ തെരഞ്ഞെടുപ്പ് നടന്നത്. ബിഎസ്‌പിയും കോൺഗ്രസും മത്സരരംഗത്തില്ലാത്ത മണ്ഡലത്തിൽ സമാജ്‌വാദി പാർട്ടിയുമായിട്ടാണ് ബിജെപിയുടെ മത്സരം. അരവിന്ദ് ഗിരിയുടെ മകൻ അമൻ ഗിരിയാണ് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത്. മുൻ എംഎൽഎ വിനയ് തിവാരിയാണ് എസ്‌പിയുടെ തുറുപ്പുചീട്ട്.
ധംനഗറിലെ വനിത അബന്തി ദാസ് ആണ് ബിജെഡി സ്ഥാനാർഥി. ആകെയുള്ള അഞ്ച് സ്ഥാനാർഥികളിൽ ഏക വനിത സ്ഥാനാർഥിയാണ് അബന്തി ദാസ്. ബിജെപി എംഎൽഎ ബിഷ്‌ണു ചരൺ സേത്തിയുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സേത്തിയുടെ മകൻ സൂര്യബൻഷി സൂരജ് ആണ് ബിജെപി സ്ഥാനാർഥി.
മുനുഗൊഡെയിൽ ടിആർഎസും ബിജെപിയും നേർക്കുനേർ: കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റായ മുനുഗൊഡെയില്‍ എംഎല്‍എ കോമതിറെഡ്ഡി രാജ്ഗോപാൽ റെഡ്ഡി ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് മണ്ഡലം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ബിജെപിയും ഭരണകക്ഷിയായ ടിആർഎസും ശക്തമായ പ്രചാരണമാണ് മുനുഗൊഡെയിൽ നടത്തിയത്.
ഭജൻ ലാലിന്‍റെ ഇളയ മകൻ കുൽദീപ് ബിഷ്‌ണോയ് ഓഗസ്റ്റിൽ എംഎൽഎ സ്ഥാനം രാജിവച്ച് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയതിനെ തുടര്‍ന്നാണ് ഹരിയാനയിലെ ആദംപൂരിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ബിഷ്‌ണോയിയുടെ മകൻ ഭവ്യയാണ് ബിജെപി സ്ഥാനാർഥി. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ആദ്യാവസാനം നിറഞ്ഞുനിന്ന മണ്ഡലമാണ് ആദംപൂർ. 1968 മുതൽ ആദംപൂർ സീറ്റ് ഭജൻ ലാൽ കുടുംബത്തിനൊപ്പമാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഭജൻ ലാൽ ഒമ്പത് തവണയും ഭാര്യ ജസ്‌മ ദേവി ഒരു തവണയും കുൽദീപ് നാല് തവണയും ആദംപൂരിൽ നിന്ന് വിജയിച്ചിരുന്നു.
ഈസ്റ്റ് അന്ധേരിയിൽ പിന്മാറി ബിജെപി: അന്തരിച്ച ശിവസേന എംഎല്‍എ രമേഷ് ലട്‌കെയുടെ ഒഴിവിലേക്ക് നടക്കുന്ന ഈസ്റ്റ് അന്ധേരി ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ ഭാര്യ റുതുജ ലട്‌കെയെയാണ് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന രംഗത്തിറക്കിയിരിക്കുന്നത്. ഇതോടെ ബിജെപി മത്സരത്തില്‍ നിന്ന് പിന്മാറി. അതുകൊണ്ടുതന്നെ മണ്ഡലത്തില്‍ റുതുജ ലട്‌കെ അനായാസ വിജയം നേടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എൻസിപിയും കോൺഗ്രസും റുതുജയുടെ സ്ഥാനാർഥിത്വത്തെ പിന്തുണച്ചിട്ടുണ്ട്. ഈ വർഷം മേയിലാണ് ലട്‌കെയുടെ ഭർത്താവും ശിവസേന എംഎൽഎയുമായ രമേഷ് ലട്‌കെ മരണമടയുന്നത്.